ടെസ്റ്റ് പരമ്പരയ്ക്കു ശേഷം താരങ്ങള്‍ക്ക് ചെറിയൊരു ഇടവേള അനുവദിക്കണം – രോഹിത് ശർമ

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 31, 2018

കേപ്ടൗൺ:  ടെസ്റ്റ് പരമ്പരയ്ക്കു ശേഷം താരങ്ങള്‍ക്ക് ചെറിയൊരു ഇടവേള അനുവദിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കണമെന്ന്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. ടെസ്റ്റ് മൽസരങ്ങൾ അവസാനിക്കുന്നതിനു തൊട്ടുപിന്നാലെ ഏകദിന പരമ്പര കളിക്കേണ്ടി വരുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നും രോഹിത് ശർമ വ്യക്തമാക്കി.

വിദേശ പര്യടനങ്ങൾക്കു പോകുമ്പോൾ‌ ഒന്ന്, രണ്ട് പാദങ്ങൾക്കിടയിൽ ഇടവേള ലഭിക്കണമെന്ന് താരങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഈ സമയത്ത് നാട്ടിലേക്കു പോയി കൂടുതൽ ഉണർവോടെ രണ്ടാം പാദത്തിന് വരാനാകുമെന്നാണ് എന്റെ കണക്കുകൂട്ടൽ – രോഹിത് പറഞ്ഞു.

വിദേശ പര്യടനങ്ങൾക്കിടെ ചെറിയ ഇടവേളയെടുത്ത് മടങ്ങിവരുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയൊരു പരിപാടിയേ ഇല്ല. വിദേശ പര്യടനത്തിനു പോയാൽ പരമ്പര പൂർത്തിയാക്കിയ ശേഷം മടങ്ങുന്നതാണ് നമ്മുടെ രീതി. ഇത് താരങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും.

പരമ്പരയ്ക്കിടെ ചെറിയൊരു ഇടവേളയെടുത്ത് നാട്ടിൽപോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു ഫോർമാറ്റിൽനിന്ന് മറ്റൊരു ഫോര്‍മാറ്റിലേക്കു മാറുമ്പോൾ പ്രകടനം മെച്ചപ്പെടുത്താൻ ഈ രീതി സഹായിക്കും – രോഹിത് പറ‍ഞ്ഞു.

ജൊഹാനസ്ബർഗ് ടെസ്റ്റിൽ മികച്ച വിജയം നേടാനായതുകൊണ്ട് ഏകദിന പരമ്പരയ്ക്കു മുന്നേ നമ്മുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ടെന്ന് രോഹിത് ചൂണ്ടിക്കാട്ടി. ഇത്തവണ രണ്ടു പരമ്പരകൾ ചേർന്നു വരുന്നതുകൊണ്ടുള്ള ഗുണമായി തോന്നിയത് ഇതു മാത്രമാണ്. ഒരു ഫോർമാറ്റിൽനിന്ന് മറ്റൊരു ഫോർമാറ്റിലേക്ക് മാറുന്നത് നമ്മെ സംബന്ധിച്ചു പുതിയ സംഭവമല്ലാത്തതിനാൽ ഇത്തവണ ഏകദിന പരമ്പരയിൽ നമ്മുടെ ആത്മവിശ്വാസം ഉയർത്താൻ ഈ ടെസ്റ്റ് വിജയത്തിനു കഴിയും.

എങ്കിലും പര്യടനത്തിന് ഇടയ്ക്ക് ചെറിയൊരു വിശ്രമം അനുവദിക്കുന്നതു തന്നെയാണ് നല്ലത്. സാങ്കേതിക കാരണങ്ങളേക്കാൾ ഇതിനൊരു മാനസിക തലം കൂടിയുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും കളിക്കേണ്ട രീതിയും ഷോട്ടുകളും വ്യത്യസ്തമാണ്. ചെറിയൊരു ഇടവേള ലഭിച്ചാൽ ഈ ശൈലീമാറ്റത്തിന് സ്വയം തയാറെടുക്കാൻ നമുക്കു കഴിയും.

ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഏകദിനം കളിക്കാൻ ഇറങ്ങുമ്പോഴെല്ലാം വലിയ പ്രതിസന്ധിയാണ് കളിക്കാർ നേരിടുന്നത്. കളിക്കാരെ ഇത്രയേറെ സമ്മർദ്ദത്തിലേക്ക് തള്ളിവിടേണ്ടതുണ്ടോ എന്ന് ആലോചിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്കിത് പരിചിതമായിക്കഴിഞ്ഞു. അതുകൊണ്ട് വലിയ പ്രശ്നമാകാനിടയില്ല – രോഹിത് പറഞ്ഞു.

2015ൽ ഇന്ത്യയിൽ പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് ഏകദിന, ടെസ്റ്റ് പരമ്പരകൾക്കിടെ വീട്ടിൽ പോയി വരാൻ സമയം നൽകിയ കാര്യം ചൂണ്ടിക്കാട്ടിയാണ് രോഹിത് സമാനമായ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ പര്യടനത്തിനു വന്ന ഇംഗ്ലണ്ട് ടീമും ഒരു പരമ്പരയ്ക്കുശേഷം ഇടവേള എടുത്തിരുന്നതായി രോഹിത് ചൂണ്ടിക്കാട്ടി.

×