യുവ്‌രാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി. വിരമിക്കല്‍ 17 വര്‍ഷത്തെ സുവര്‍ണ്ണ നേട്ടങ്ങള്‍ക്കൊടുവില്‍

സ്പോര്‍ട്സ് ഡസ്ക്
Monday, June 10, 2019

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും തിളങ്ങിയ ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവ്‌രാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ഐ പി എല്‍ ഒഴികെയുള്ള ട്വന്റി 20 മത്സരങ്ങളില്‍ കളിക്കുമെന്ന് യുവരാജ് പറഞ്ഞു.

സൗത്ത് മുംബൈയിലെ ഒരു ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യുവി വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്.

2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്.

വിരമിക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ യുവ്രാജ് സിങ് ബി.സി.സി.ഐയെ സമീപിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവ്രാജായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും സിക്സറിന് പറത്തിയ യുവിയുടെ ബാറ്റിങ് വിസ്ഫോടനം ഇന്നും ആരാധകര്‍ മറന്നിട്ടില്ല.

ഇന്ത്യയ്ക്കായി 304 ഏകദിനങ്ങള്‍ കളിച്ച യുവി 8701 റണ്‍സെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റണ്‍സ് നേടി. 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സാണ് സമ്പാദ്യം.

×