കോലിയെക്കുറിച്ച് വലിയ പ്രവചനവുമായി  ക്രിക്കറ്റ് വൃത്തങ്ങളിലെ അറിയപ്പെടുന്ന ജ്യോതിഷി. ആരാധകര്‍ അമ്പരപ്പില്‍

Tuesday, March 13, 2018

വിരാട് കോലിയെക്കുറിച്ച് വലിയ പ്രവചനവുമായി  ക്രിക്കറ്റ് വൃത്തങ്ങളിലെ അറിയപ്പെടുന്ന ജ്യോതിഷിയായ നാഗ്പുർ സ്വദേശി നരേന്ദ്ര ബുണ്ഡെ. 2025ന് മുൻപ് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഏകദിന, ട്വന്റി-20 ലോകകപ്പുകള്‍ നേടുമെന്നും 100 രാജ്യാന്തര സെഞ്ചുറികളെന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കുമെന്നുമാണ് ജ്യോതിഷിയായ നരേന്ദ്ര ബുണ്ഡെ പ്രവചിച്ചിരിക്കുന്നത്.

കരിയറിലെ സുവര്‍ണകാലത്ത് സച്ചിന് ലഭിച്ച ഏറ്റവും മികച്ച പരസ്യ കരാറിനേക്കാൾ കൂടുതൽ തുകയുടെ ഒരു കരാറിൽ കോലി ഈ വർഷം ഒപ്പിടുമെന്നും ബുണ്ഡെ പ്രവചിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ തുടർവിജയങ്ങളിലൂടെ കോലിയും സംഘവും പേരെടുക്കുമെന്നും പ്രവചനമുണ്ട്. വരുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിലും കോഹ്‍ലിയും സംഘവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബുണ്ഡെ വ്യക്തമാക്കി.

മുൻ നായകന്‍ എം എസ് ധോണി 2019ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിലും കളിക്കുമെന്നും ബുണ്ഡെ നേരത്തെ പ്രവചിച്ചിട്ടുണ്ട്.

ടെന്നിസ് എൽബോ കാരണം സച്ചിന്‍ ക്രിക്കറ്റില്‍ തുടരുമോ എന്ന് ആശങ്കയുണ്ടായിരുന്ന കാലത്ത് സച്ചിന്റെ തിരിച്ചുവരവ് പ്രവചിച്ചും ബുണ്ഡെ ശ്രദ്ധ നേടിയിട്ടുണ്ട്. സച്ചിന് ഭാരത് രത്‌ന ലഭിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.

ദേശീയ ടീമിലേക്കുള്ള സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ്, 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം തുടങ്ങിയവയും ബുണ്ഡെയുടെ യശസ് ഉയർത്തിയ പ്രവചനങ്ങളാണ്.

×