/sathyam/media/media_files/ETiuCo29MLgB0DeD6aIa.jpg)
ഡല്‍ഹി: ടി20 ലോകകപ്പില്‍ കിരീടം ചൂടിയതിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. തന്റെ ജീവിതത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് 37-കാരനായ രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ ട്വന്റി20 ടീമില്‍ നായക സ്ഥാനത്തേക്ക് പുതുനിരയുടെ വരവിനും വഴിയൊരുങ്ങിയിരിക്കുകയാണ്.
'വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഇതിലും മികച്ചൊരു സമയമില്ല. ഞാന്‍ ഈ ട്രോഫി വളരെയേറെ ആഗ്രഹിച്ചിരുന്നതാണ്. ഈ നിമിഷത്തില്‍ കൂടുതല്‍ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. എന്റെ അവസാന കളി ഇതായിരുന്നു. ഇതിലെ ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഫൈനലില്‍ വിജയിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
രോഹിതിന് തൊട്ടുമുമ്പ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിക്കുന്നതിനിടെയാണ് വിരാട് കോഹ്ലി ടി20 ഫോര്‍മാറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ നേരത്തേ കളിച്ച മല്‍സരങ്ങളിലെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലില്‍ അദ്ദേഹം ക്ഷീണം തീര്‍ക്കുകയായിരുന്നു.
59 ബോളില്‍ ആറു ഫോറും രണ്ടു സിക്സറുമടക്കം 76 റണ്‍സാണ് കോലി അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം സംസാരിക്കവെയാണ് ടി20യില്‍ ഇതു തന്റെ അവസാന മല്‍സരമാണെന്നു കോലി പറഞ്ഞത്. രോഹിതിന്റെ വിരമിക്കലോടെ 2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ ആര് നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് പരമ്പരകളില്‍ ഹാര്‍ദിക്ക് ടീമിനെ നയിച്ചിട്ടുണ്ട്.
പാണ്ഡ്യ ലോകകപ്പില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അതെസമയം ജസ്പ്രീത് ബുംറയും ക്യാപ്റ്റനാകാന്‍ യോഗ്യതയുള്ള താരമാണ്. ബുംറയുടെ മികച്ച പ്രകടനം ക്യാപ്റ്റന്‍സിയ്ക്കുള്ള യോഗ്യത തെളിയിക്കുന്നതാണ്.
ശാന്തനായ ഒരാളെയാണ് സെലക്ടര്‍മാര്‍ തേടുന്നതെങ്കില്‍ ക്യാപ്റ്റനാകാന്‍ സാധ്യതയുള്ള ഒരാള്‍ സൂര്യകുമാര്‍ യാദവ് ആണ്. രണ്ട് മത്സരങ്ങളില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെ നയിച്ചിട്ടുണ്ട്. ഋഷഭ് പന്തും ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us