ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്’;ശ്രദ്ധ ശ്രീനാഥ്

ഫിലിം ഡസ്ക്
Sunday, May 31, 2020

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായൊരു നടിയാണ് ശ്രദ്ധ ശ്രീനാഥ്. ‘വിക്രം വേദ’, ‘യൂ ടേൺ’,’നേർകൊണ്ട പാർവൈ’ തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളിലും ‘കോഹിനൂർ’ എന്ന മലയാള ചിത്രത്തിലും ശ്രദ്ധ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. താൻ എങ്ങനെ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറി എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രദ്ധ.

ശ്രദ്ധയുടെ പോസ്റ്റിന്റെ പൂർണ രൂപം:

ഒരു കുടുംബ പൂജയിൽ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആർത്തവം ഉണ്ടാകുന്നത്. അന്നെനിക്ക് 14 വയസ്സായിരുന്നു. അന്ന് എന്റെ അമ്മ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയോട് ഞാൻ വിഷമത്തോടെ ഇക്കാര്യം അറിയിച്ചു. കാരണം ഞാൻ സാനിറ്ററി പാഡ് കയ്യിൽ കരുതിയിരുന്നില്ല. എന്നാൽ ഇതു കേട്ട് ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ എന്റെ സങ്കടത്തോടെയുള്ള മുഖം കണ്ട് എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി ചിരിച്ച മുഖവുമായി പറഞ്ഞു വിഷമിക്കേണ്ട കുട്ടി, ദൈവം നിന്നോട് ക്ഷമിക്കും.(പൂജയുടെ സമയത്ത് ആർത്തവം ഉണ്ടായതിനാലാണ് അവർ അങ്ങനെ പറഞ്ഞത്). ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. അന്ന് എനിക്ക് പതിനാല് വയസായിരുന്നു”

ആർത്തവത്തിന്റെ പേരിൽ വലിയൊരു ശതമാനം സ്ത്രീകൾ മതപരമായും അല്ലാതെയും ഇന്നും മാറ്റി നിർത്തപ്പെടുന്ന ഒരു സമൂഹത്തിൽ ശ്രദ്ധ എഴുതിയ ഈ വാക്കുകൾക്ക് ഇതിനോടകം തന്നെ അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രം ‘ചക്ര’, തെലുങ്ക് ചിത്രം ‘കൃഷ്ണ ആൻഡ് ഹിസ് ലീല’ തുടങ്ങിയവയാണ് ശ്രദ്ധയുടെ പുതിയ ചിത്രങ്ങൾ.

×