Advertisment

ശ്രീജ നെയ്യാറ്റിന്‍കരക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി സംബന്ധിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിന്‍റെ വിശദീകരണം

New Update

പാര്‍ട്ടി സംഘടനാ അച്ചടക്കവും പെരുമാറ്റച്ചട്ടവും നേതാവ് എന്ന നിലയിൽ പുലർത്തേണ്ട കൂട്ടുത്തരവാദിത്വവും ജനാധിപത്യ സംസ്കാരവും ശ്രീജ ലംഘിച്ചുവെന്ന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിനും പാർട്ടി സംസ്ഥാന പ്രവർത്തക സമിതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനത്ത് നിന്നും അവരെ 2020 ജൂൺ 10 മുതൽ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

Advertisment

കണ്ണൂർ പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകൻ പീഡിപ്പിച്ച വിഷയത്തിൽ, തുടക്കം മുതൽ ശക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ബി.ജെ.പി നേതാവിനെ സംരക്ഷിക്കുകയും സംഘ്പരിവാർ നേതാവ് ഉൾപ്പെട്ട കേസിൽ മൃദുസമീപനം പുലർത്തുകയും ചെയ്യുന്ന പോലീസ് നിലപാട് തുറന്നുകാണിച്ചും അതിനെതിരെ ജനങ്ങളെ അണിനിരത്തിയുമാണ് പാർട്ടിയുടെ പോഷക സംഘടനയായ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്.

ഒടുവിൽ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നിർബന്ധിതമായതിൽ ഈ പ്രക്ഷോഭങ്ങളും നിർണായക പങ്കുവഹിച്ചു. പ്രതി പിടിക്കപ്പെട്ടതിന് ശേഷം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിനും അന്വേഷണത്തിൽ ഇപ്പോഴും പുലർത്തുന്ന ഉദാസീനതക്കെതിരെയും പാർട്ടിയും വിമന്‍ ജസ്റ്റിസും പ്രക്ഷോഭം തുടർന്ന് വരികയുമാണ്. പാലത്തായിയിലെ കുട്ടിക്ക് നീതി ലഭിക്കും വരെ ജാഗ്രതയോടെയുള്ള നിരന്തര ഇടപെടലും നിയമപരവും രാഷ്ട്രീയവുമായ പോരാട്ടവും പാർട്ടിയും വിമന്‍ ജസ്റ്റിസും തുടരുകയും ചെയ്യും.

പാലത്തായിയിൽ പീഡിപ്പിക്കപ്പെട്ട പിഞ്ചുകുട്ടിയുടെ നീതിക്കായി നടന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നായിരുന്നു വിമൻ ജസ്റ്റിസ് മൂവ്മെന്റ് തയ്യാറാക്കിയ സാമൂഹിക പ്രവർത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും ഒപ്പുവെച്ച സംയുക്ത പ്രസ്താവന. എന്നാൽ, ഈ പ്രസ്താവനയിൽ ഒപ്പുവെക്കാൻ പാർട്ടി ഭാരവാഹിയായിരുന്ന ശ്രീമതി ശ്രീജ നെയ്യാറ്റിൻകര വിസമ്മതിക്കുകയാണ് ചെയ്തത്. ഇതിന് ശേഷം മാത്രം വിഷയത്തിൽ ഇടപ്പെട്ട അവർ സംയുക്ത പ്രസ്താവനക്ക് സമാന്തരമായി സ്വന്തംനിലക്ക് മുഖ്യമന്ത്രിക്ക് തുറന്നകത്ത് തയ്യാറാക്കുകയും അതിൽ ഒപ്പുവെക്കാൻ മറ്റുള്ളവരോട് ആഹ്വാനം നടത്തുകയും ചെയ്തു.

പാലത്തായി വിഷയത്തിൽ സ്വന്തംനിലക്ക് സമൂഹമാധ്യമം വഴി നടത്തിയ പ്രചരണത്തിൽ അതിൽ ഇടപ്പെട്ട മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും മാധ്യമങ്ങളുടെയും പങ്ക് എടുത്തുപറയുകയും അവരെ പ്രശംസിക്കുകയും ചെയ്തപ്പോഴും അതിൽ പാർട്ടിയുടെ പോഷക സംഘടന നടത്തിയ ക്രിയാത്മക ഇടപെടലും പ്രക്ഷോഭവും ബോധപൂർവം മറച്ചുവെച്ചു.

താൻ ഭാരവാഹിയായ പാർട്ടിയുടെ പോഷക സംഘടനയുടെ സാമൂഹ്യ ഇടപെടലിനെ അപ്രസക്തമാക്കാൻ ഒരു ഭാരവാഹി തന്നെ ശ്രമിക്കുന്നത് അച്ചടക്കത്തിന്റെയും കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണ്. സ്ത്രീകളുടെ സാമൂഹ്യനീതിക്കും അവകാശ സംരക്ഷണത്തിനും വേണ്ടി പാർട്ടി രൂപീകരിച്ച വിമൻ ജസ്റ്റിസ് മൂവ്മെന്റിനോട് അവർ തുടക്കം മുതൽ സ്വീകരിച്ചു വരുന്ന നിഷേധാത്മക നിലപാടുകളുടെ തുടർച്ചയായാണ് പാർട്ടി ഇതിനെ കാണുന്നത്.

സമൂഹ മാധ്യമങ്ങളിൽ ശ്രീമതി ശ്രീജ നെയ്യാറ്റിൻകരക്ക് നേരെ സംഘ്പരിവാർ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങളിലും വ്യാജ പ്രചാരണങ്ങളിലും അത്തരം സന്ദര്‍ഭങ്ങളിലെല്ലാം പാർട്ടി ഇടപെടുകയും പിന്തുണ നൽകുകയും പ്രതികരിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവർക്കെതിരെ സംഘ്പരിവാർ ഫേക്ക് അക്കൗണ്ടില്‍ നിന്ന് വ്യക്തിഹത്യപരമായ തരത്തിലുള്ള പ്രചരണം നടന്നത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് നേരിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതാണ്. ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകാന്‍ ശ്രീജ നെയ്യാറ്റിൻകരയോട് പാർട്ടിയാണ് നിർദ്ദേശിച്ചത്. വിമന്‍ ജസ്റ്റിസും ഇതിൽ ശക്തമായി പ്രതികരിച്ചിരുന്നു.

എന്നാൽ, ഇതെല്ലാം മറച്ചുവെക്കുന്നതും നിസ്സാരവല്‍ക്കരിക്കുന്നതും പാർട്ടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതുമായ നടപടിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. പാർട്ടി അവർക്ക് പിന്തുണ നൽകുന്നില്ല എന്ന രീതിയിൽ പാർട്ടി എതിരാളികൾ നടത്തിയ ദുരുദ്ദേശപരമായ പ്രചരണങ്ങളോട് ബോധപൂർവം മൗനം പാലിച്ച് വ്യാജ പ്രചാരകർക്ക് പിന്തുണ നൽകുംവിധം പാർട്ടിയുടേതല്ലാത്ത മറ്റെല്ലാ പിന്തുണകളെയും പ്രചരണ സാമഗ്രികളെയും പ്രചരിപ്പിക്കുകയും പാർട്ടി പിന്തുണ ജനങ്ങളിൽ നിന്ന് മറച്ച് പിടിക്കുകയുമാണ് അവർ ചെയ്തത്.

അതോടൊപ്പം പാർട്ടിയോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്യാതെ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഒറ്റക്ക് സമരം നടത്തുമെന്ന് അവർ പ്രഖ്യാപിച്ചു. പാർട്ടി പിന്തുണ തനിക്കില്ല എന്ന സന്ദേശം നൽകി വിമർശകരുടെ ആക്ഷേപത്തെ സാധൂകരിക്കുകയും കാര്യങ്ങളെ നേർവിപരീതമായി അവതരിപ്പിക്കുകയും പാർട്ടി വിമർശകർക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ദുരുദ്ദേശപരമായ ഇത്തരം നീക്കങ്ങൾ പാർട്ടിക്ക് അംഗീകരിക്കാനാവില്ല.

കമ്മിറ്റികളിൽ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് തുറന്ന അവസരം നൽകുകയും ചർച്ചകളിലൂടെ രൂപപ്പെടുന്ന തീരുമാനങ്ങളെ ജനമധ്യത്തിൽ പ്രതിനിധീകരിക്കുകയും പാർട്ടി പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും വീഴ്ച വരുത്തിയവര്‍ സ്വയം വിലയിരുത്തലുകൾക്കും തിരുത്തലുകൾക്കും സന്നദ്ധമാവുകയും ചെയ്യുന്ന കൂട്ടുത്തരവാദിത്വ ജനാധിപത്യ രീതിയാണ് വെൽഫെയർ പാർട്ടി തുടക്കം മുതൽ കാത്തുസൂക്ഷിക്കുന്നത്. പ്രവർത്തനങ്ങളില്‍ വീഴ്ചകൾ സംഭവിക്കുമ്പോൾ വിശദീകരണം ചോദിക്കലും വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമല്ലെങ്കില്‍ തെറ്റുതിരുത്തൽ നടപടികൾ സ്വീകരിക്കുന്നതും ഇതേ പാർട്ടി സംസ്കാരത്തിന്റെ ഭാഗമാണ്.

പാർട്ടി പിന്തുടരുന്ന ഈ രീതിയുടെ ഭാഗമായാണ് ശ്രീമതി ശ്രീജയോട് പാർട്ടി 14 ദിവസം സമയം നൽകി വിശദീകരണം ആരാഞ്ഞത്. ജനാധിപത്യ നടപടി ക്രമത്തിന്റെ ഭാഗമായി പാർട്ടി നൽകിയ കത്തിന് ധിക്കാരപരമായും പാർട്ടിയുടെ സംഘടനാ രീതികളെ പരിഹസിക്കുന്നതും പാർട്ടി കമ്മിറ്റിയെ വെല്ലുവിളിക്കുന്നതുമായ മറുപടിയാണ് അവർ നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവിലും സംസ്ഥാന പ്രവർത്തക സമിതിയിലും അവരെ മുൻകൂട്ടി അറിയിച്ചിട്ടും അവർ പങ്കെടുത്തിരുന്നില്ല. അവരൊഴികെ ബാക്കി മുഴുവൻ അംഗങ്ങളും പങ്കെടുത്ത 2020 ജൂൺ 10ന് നടന്ന സംസ്ഥാന പ്രവർത്തക സമിതി അച്ചടക്ക ലംഘനങ്ങൾ ചർച്ച ചെയ്യുകയും പാർട്ടി വ്യവസ്ഥകൾ പ്രകാരം അവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും പാർട്ടി താൽപര്യങ്ങൾക്ക് എതിരായ നിലപാട് സ്വീകരിച്ചതിനും മുമ്പ് മൂന്ന് തവണ പാർട്ടി താക്കീതിന് വിധേയമായതിനാൽ സ്വാഭാവിക നടപടി ക്രമമായിരുന്നു സസ്പെൻഷൻ.

വിവേചനങ്ങൾ നേരിടുന്ന സമൂഹങ്ങളുടെ സാമൂഹ്യനീതിക്കും ജനാധിപത്യാവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുകയും അതിന് അനുരൂപമായ സംഘടനാ സംവിധാനവും സംസ്കാരവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വെൽഫെയർ പാർട്ടിയിൽ ഏതെങ്കിലം വ്യക്തിക്ക് പ്രത്യേകമായ അധികാരമോ പരിഗണനയോ അനുവദിക്കാനാവില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളെ പ്രതിനിധീകരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പാര്‍ട്ടി ചട്ടങ്ങളും അച്ചടക്കവും പാലിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കുകയും ചെയ്യാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. എന്നാല്‍, പൊതുസമൂഹത്തിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കും വിധം ഇടപെടലുകള്‍ നടത്തുകയും ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ കത്തിന് അവ്യക്തവും ജനാധിപത്യ വിരുദ്ധവുമായ മറുപടി നല്‍കുകയും ചെയ്തത് സംഘടനാ അച്ചടക്കത്തിന് എതിരായതിനാലാണ് എല്ലാ സംഘടനാ മര്യാദകളും പാലിച്ച് ശ്രീമതി ശ്രീജയെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തത്. പാർട്ടിയുടെ കൂട്ടായ തീരുമാനത്തെ അംഗീകരിച്ച് തെറ്റ് തിരുത്തി പാർട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെയും അതിന്‍റെ പ്രയോഗ ഘടകമായ പാർട്ടിയെയും പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നതിന് പകരം ഏകപക്ഷീയ നിലപാട് പുലർത്തി അവർ രാജിവെക്കുകയുമാണ് ചെയ്തത്.

പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തോട് വിദ്വേഷം പുലര്‍ത്തുന്ന പൊതുബോധത്തെ ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ എതിരാളികള്‍ നികൃഷ്ടമായ പ്രചാരണം നടത്തുന്നുണ്ട്. പാര്‍ട്ടി രൂപീകരണം മുതൽ സംഘ്പരിവാറിനും സവര്‍ണ ഫാഷിസത്തിനുമെതിരെ നിർഭയമായി പോരാടി അവിസ്മരണീയമായ പ്രക്ഷോഭ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്ന പാർട്ടിയുടെയും പോഷക സംഘടനകളുടെയും നാടിന് വേണ്ടിയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും വേണ്ടി നടത്തുന്ന അപഹാസ്യമായ ശ്രമങ്ങൾ കേരളീയ സമൂഹം തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്ന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അഭ്യർഥിക്കുന്നു. സാമൂഹ്യനീതിയിലധിഷ്ടിതമായ ക്ഷേമരാഷ്ട്രത്തിനായി നിലകൊള്ളുന്ന പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നാട് നൽകുന്ന പിന്തുണയോടെ നീതിനിഷേധിക്കപ്പെടുന്ന സാധാരണ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ട്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും എക്സിക്യൂട്ടീവ് അറിയിച്ചു.

sreeja neyyatinkara
Advertisment