വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ ചികിത്സാ റിപ്പോര്‍ട്ട് പുറത്ത്; വയറിനേറ്റ തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 16, 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിന്റെ ചികിത്സാ റിപ്പോര്‍ട്ട് പുറത്ത്. വയറിനേറ്റ തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായെന്നും വയറിനുള്ളിലെ പഴുപ്പ് മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നുവെന്നും ചികിത്സാ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്രീജിത്ത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രി റിപ്പോര്‍ട്ട് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധിച്ചു. വയറില്‍ തുടര്‍ച്ചയായി ഇടിച്ചെന്ന് നിഗമനം.

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പോലീസിനെ വെട്ടിലാക്കി പ്രധാനസാക്ഷി ഗണേഷിന്റെ മൊഴി പുറത്ത് വന്നിരുന്നു. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഗണേഷ്. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് ഗണേഷ് പറയുന്നു. വീട്ടില്‍ നിന്ന് ജീപ്പില്‍ കയറ്റുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പോലീസ് വാഹനത്തില്‍ വെച്ചോ, സ്‌റ്റേഷനില്‍ വെച്ചോ എന്തുസംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ഗണേഷ് പറയുന്നു.

വീട്ടില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ ശ്രീജിത്തിനെ കാര്യമായൊന്നും ചെയ്തിരുന്നില്ലെന്നും ഗണേഷ് പറയുന്നു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് പോലീസ് കസ്റ്റഡിയില്‍ വെച്ചുതന്നെയെന്ന ആരോപണത്തിന് ശക്തിപകരുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ പോലീസിന് കൈമാറിയതിന് ശേഷം ചിത്രമെടുത്ത് സൂക്ഷിച്ചിരുന്നു. റൂറല്‍ എസ്പിക്ക് കൈമാറാനായിരുന്നു ഇത്. ഇതില്‍ ശ്രീജിത്തിന് യാതൊരുവിധ കുഴപ്പങ്ങളുമില്ല.

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് വരാപ്പുഴ സ്റ്റേഷനിലോ പോലീസ് വാഹനത്തിലോ വെച്ചാണ് എന്ന അനുമാനചത്തിലേക്കെത്തുന്ന വിവരങ്ങളാണ് വന്നിരിക്കുന്നത്. രാത്രി 11 മണിക്ക് ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കുന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.

×