Advertisment

ശ്രീജീവിന്റെ കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; നടപടിക്കുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യം

New Update

കൊച്ചി: ശ്രീജീവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. പൊലീസുകാര്‍ക്കെതിരായ നടപടിക്കുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നര വര്‍ഷം മുമ്പുള്ള സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.

Advertisment

നടപടിക്ക് സ്റ്റേയുള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി.

ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയോട് വിശദീകരണവും തേടി. കോടതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

publive-image

ശ്രീജിത്തിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചുവെന്ന് ബോധ്യപ്പെടും വരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധിപേരാണ് ദിവസവും സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരം 769ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശ്രീജിത്തിനു പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മകളും താരങ്ങളും രാഷ്ട്രീയക്കാരും രംഗത്തെത്തിയിരുന്നു.

നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കിയിരുന്നു. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.

2014 മെയ് 21നായിരുന്നു ശ്രീജീവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.

Advertisment