ശ്രീശാന്തിന് നീതി: ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി ; ശ്രീശാന്തിന് എന്ത് ശിക്ഷ നൽകണം എന്ന കാര്യം ബിസിസിഐക്ക് തീരുമാനിക്കാം

സ്പോര്‍ട്സ് ഡസ്ക്
Friday, March 15, 2019

 ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ടീമംഗവുമായ ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് താരത്തിന് നീതി ലഭിക്കുന്നത്.

അതേസമയം ശ്രീശാന്തിന് എന്ത് ശിക്ഷ നൽകണം എന്ന കാര്യത്തിൽ ബിസിസിഐക്ക് തീരുമാനിക്കാം. ശ്രീശാന്തിന്റെ പെരുമാറ്റത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് മൂന്ന് മാസമാണ് ശ്രീശാന്തിനെതിരായ നടപടി തീരുമാനിക്കാൻ ബിസിസിഐക്ക് സമയം അനുവദിച്ചത്.

വിലക്കേർപ്പെടുത്തിയ ബിസിസിഐ നിലപാടിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണെന്ന് ശ്രീശാന്തിന്റെ വാദം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയിൽ വിധി പറഞ്ഞത്.

2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.

നിയമപരമായാണ് ശ്രീശാന്തിനെ വിലക്കിയതെന്ന് ബിസിസിഐ കോടതിയില്‍ അറിയിച്ചിരുന്നു.

×