Advertisment

നിര്‍ഭയ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ആ പോലീസ് ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ചതാണ് വാതുവെയ്പ് കേസെന്ന് കണ്ണീരോടെ ശ്രീശാന്തിന്‍റെ ഭാര്യ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

Advertisment

കൊച്ചി: ഐപിഎല്ലിലെ വാതുവയ്പ്പ് കേസിനെ തുടര്‍ന്ന് ബിസിസിഐയുടെ വിലക്ക് തുടരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് പിന്തുണയുമായി ഭാര്യ ഭുവനേശ്വരി കുമാരി. ദില്ലി പൊലീസിനെയും ബിസിസിഐയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് തുറന്ന കത്തിലൂടെയാണ് ഭുവനേശ്വരി രംഗത്ത് വന്നത്.

ബിഗ് ബോസ് മത്സരാര്‍ഥിയായ ശ്രീശാന്ത് താന്‍ കേസിന്‍റെ കാലത്ത് അനുഭവിച്ച ദുരന്തങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. വീണ്ടും ശ്രീശാന്ത് വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നിലപാടിനെ ചോദ്യം ചെയ്ത് ശ്രീശാന്തിന്‍റെ ഭാര്യ എത്തിയിരിക്കുന്നത്.

രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിച്ച നിര്‍ഭയ കേസില്‍ സംഭവിച്ച വീഴ്ച മറയ്ക്കാനും രാജിവെയ്ക്കാനുള്ള സമര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ദില്ലി പൊലീസിലെ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണ് ശ്രീശാന്തിനെതിരെയുള്ള വാതുവയ്പ്പ് കേസെന്ന് ഭുവനേശ്വരി കത്തില്‍ ആരോപിച്ചു.

ശ്രീയെ ബലിയാടാക്കുകയായിരുന്നു. ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച ഭുവനേശ്വരി ആ ഓവറില്‍ ശ്രീ എറിഞ്ഞ പന്തുകളെപ്പറ്റി കമന്‍റേറ്റര്‍മാര്‍ പറഞ്ഞ വീഡിയോ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.

ആദ്യമെറിഞ്ഞ പന്തുകളില്‍ ശ്രീ റണ്‍സൊന്നും വിട്ടുകൊടുത്തിട്ടില്ല. കൂടാതെ നോബോ വെെഡോ ഒന്നുമെറിഞ്ഞില്ല. ആ ഓവറില്‍ എതിര്‍ ടീം 13 റണ്‍സ് നേടി. പക്ഷേ ആ സമയം ക്രീസിലുണ്ടായിരുന്നത് സാക്ഷാല്‍ ഗില്‍ക്രിസ്റ്റാണെന്ന് ഓര്‍മിക്കണമെന്നും ഭുവനേശ്വരി കത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ കോടതി ശ്രീയെ വെറുതെ വിട്ടിട്ടും ബിസിസിഐ അയയാതെ നില്‍ക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് ശ്രീ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്. അഴിമതിക്കെതിരെയാണ് ബിസിസിഐ എങ്കില്‍ മുഗ്ധല്‍ കമ്മിറ്റി സീല്‍ ചെയ്ത് കവറിലിട്ട് കൊടുത്ത 13 പേരുടെ പേര് വെളിപ്പെടുത്തണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടു. അന്ന് മത്സരം നടന്നപ്പോള്‍ അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രിയായിരുന്നു. അതുകൊണ്ടാണ് വിയര്‍പ്പ് തുടയ്ക്കാന്‍ ടവ്വല്‍ കരുതിയിരുന്നതെന്നും ഭുവനേശ്വരി കുറിച്ചു.

 

 

Advertisment