എന്‍റെ വിവാഹമോ ? എനിക്കൊന്നും പറയാനില്ല. വിചിത്രമായ പ്രതികരണവുമായി ശ്രിയ ശരണ്‍. അമ്പരന്ന് മാധ്യമങ്ങള്‍ !

ഫിലിം ഡസ്ക്
Sunday, March 18, 2018

ആ വിവാഹ വാര്‍ത്തയെപ്പറ്റി തനിക്കൊന്നും പറയാനില്ലെന്ന് നടി ശ്രിയ ശരണ്‍. ശ്രിയയും റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷീവും വിവാഹിതരായെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളും റി പ്പോര്‍ട്ടു ചെയ്തിരുന്നു .

അന്ധേരിയിലുള്ള ശ്രിയയുടെ വസതിയില്‍ വച്ച് മാര്‍ച്ച് 12 ന് വിവാഹച്ചടങ്ങുകള്‍ നടന്നുവെന്നായിരുന്നു  റിപ്പോര്‍ട്ട് . കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അതീവ രഹസ്യമായാണ് ചടങ്ങുകള്‍ നടന്നത്.

ഇതെക്കുറിച്ച് ശ്രിയയുടെ പ്രതികരണം ആരാഞ്ഞപ്പോള്‍ എനിക്കൊന്നും പറയാനില്ല എന്നാണ് പറഞ്ഞതെന്ന് ഡെക്കാൻ  ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിലെ അമര്‍ഷം മൂലമാണ് ശ്രിയ ഇങ്ങനെ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് വര്‍ഷങ്ങളിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും അടുത്ത സുഹൃത്തുക്കളാണ്.

രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും നടന്‍ മനോജ് ബാജ്പേയിയും ഭാര്യ ശബാനയും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്ത സുഹൃത്തുക്കളെന്നുമായിരുന്നു വാര്‍ത്തകള്‍.

എന്തായാലും വിവാഹം സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ നടിയും  കുടുംബവും തയ്യാറായിട്ടില്ല .

ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം പോക്കിരിരാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്.

×