Advertisment

എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകൾ നേടിയത് തിളക്കമാർന്ന വിജയം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകൾ ഇക്കുറി നേടിയത് തിളക്കമാർന്ന വിജയം. നൂറുമേനി കൊയ്ത സ്കൂളുകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ വളരെ മുന്നിലെത്തി.

Advertisment

88.98 ശതമാനം സ്കൂളുകളിലും മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. സംസ്ഥാനത്തെ 454 അൺ എയ്ഡഡ് സ്കൂളുകളിൽ 404 സ്കൂളുകളും ഇത്തവണ നൂറുമേനി കൊയ്തു. സർക്കാർ- എയ്ഡഡ് സ്കൂളുകളുടെ എണ്ണവുമായി തട്ടിച്ച് നോക്കുമ്പോൾ വലിയ നേട്ടമാണ് അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ നേടിയതെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ(കെആർഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും ചൂണ്ടിക്കാട്ടി.

1837 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളാണ് ഇക്കുറി സമ്പൂർണ വിജയം നേടിയത്. മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയവരുടെ പട്ടികയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ ഏറ്റവും പിന്നിലാണ്.

54 ശതമാനം സർക്കാർ സ്കൂളുകൾക്ക് മാത്രമാണ് നൂറ് ശതമാനം വിജയം നേടാനായത്. 1169 സർക്കാർ ഹൈസ്കൂളുകളിൽ 637 സ്കൂളുകളിൽ മാത്രമാണ് മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായത്. എയ്ഡഡ് മേഖലയിലാവട്ടെ, 55. 78 ശതമാനം സ്കൂളുകൾ നൂറുമേനി കൊയ്തു. സംസ്ഥാനത്തെ ആകെയുള്ള 1427 എയ്ഡഡ് ഹൈസ്കൂളുകളിൽ 796 സ്കൂളുകൾക്ക് മാത്രമാണ് നൂറു ശതമാനം വിജയം നേടാനായത്.

ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ ഗ്രേസ് മാർക്കിന്റെ പിൻബലത്തിലാണ് സർക്കാർ/എയ്ഡഡ് സ്കൂളുകൾ വിജയശതമാനം കൂട്ടിയത് എന്ന് ആനന്ദ് കണ്ണശ ചൂണ്ടിക്കാട്ടി. ഇത്തരം ഗ്രേസ് മാർക്കുകൾ അൺ എയ്ഡഡ് സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ നിഷേധിച്ചിട്ടും മികച്ച വിജയം നേടാനായത് ഈ മേഖലയിലെ മികച്ച പഠന സമ്പ്രദായം കൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ക്വാളിറ്റി എജ്യൂക്കേഷൻ എന്ന ആശയം നടപ്പിലാക്കാൻ അൺ എയ്ഡഡ് സ്കൂളുകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും സ്കൂളുകളെയും കെആർഎസ്എംഎ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും അഭിനന്ദിച്ചു.

sslc5
Advertisment