രാമപുരം പള്ളിയുടെ കൂറ്റന്‍ വാതില്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ നിന്ന്

സുനില്‍ പാലാ
Sunday, November 11, 2018

അതിമനോഹരമായി പുതുക്കിപ്പണിത രാമപുരം പള്ളിയുടെ പൂമുഖവാതില്‍, അയ്യപ്പന്റെ പൂങ്കാവനത്തിലെ തേക്കുതടികൊണ്ട് .ഒറ്റ തേക്കുതടിയില്‍ നിന്ന് മൂന്ന് കൂറ്റന്‍ വാതിലുകള്‍. ഇതില്‍ നിറയെ കണ്ണുകളെ കൊതിപ്പിക്കുന്ന കൊത്തുപണികള്‍.

 

”പള്ളിയുടെ നിര്‍മ്മിതി തന്നെ മതമൈത്രിയുടെ സന്ദേശമോതുന്നതാകണം എന്നു തോന്നി. അതുകൊണ്ടാണ് ശബരിമലക്കാടുകളിലെ തേക്കുമരം കൊണ്ടുതന്നെ പള്ളിയുടെ മുന്‍വാതിലുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.” എന്ന് കൂറ്റന്‍ പള്ളിയുടെ മുഴുവന്‍ നിർമ്മാണത്തിനും ചുക്കാന്‍പിടിച്ച, സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ ‘പറഞ്ഞു.

വനംവകുപ്പിന്റെ പാറമ്പുഴ ഓഫീസ് വഴി 28 ലക്ഷം രൂപയ്ക്ക് എട്ടുവര്‍ഷം മുമ്പാണ് തേക്കുംതടി ലേലത്തില്‍ പിടിച്ചത്. ശബരിമലക്കാടുകളിലെ തേക്കുതന്നെ വേണമെന്ന് നിബന്ധന വച്ചിരുന്നു. 350 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ തേക്ക് പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് രാമപുരം പള്ളിയില്‍ കൊണ്ടുവന്നത്. 30 അടിയോളം ഉയരവും 10 അടിയില്‍പരം വീതിയുമുള്ള പ്രധാന വാതിലും 28 അടിയോളം ഉയരമുള്ള മറ്റു രണ്ടു വാതിലുകളുമാണ് പളളിയുടെ പൂമുഖത്തുള്ളത്. ഒറ്റതേക്കിന്‍ തടിയില്‍ നിന്നാണ് ഈ മൂന്നു വാതിലുകളും പണി തീര്‍ത്തത് എന്നതുതന്നെ വിസ്മയകരമാണ്.

കതകുകളില്‍ ഭാരതീയ – പാശ്ചാത്യ കൊത്തുപണികളുണ്ട്. മൂന്നുവാതിലുകളിലെയും കൊത്തുപണികള്‍ക്ക് തന്നെ മൂന്നുവര്‍ഷത്തോളം വേണ്ടിവന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് കട്ടിളയില്‍ വാതിലുകള്‍ ഘടിപ്പിച്ചത്. കതകുകളില്‍ മാത്രം ഒതുങ്ങുന്നില്ല അത്ഭുതങ്ങളുടെ കലവറ. അതിവിശാലമായ പള്ളിക്കുള്ളിലുള്ള സ്വാഭാവികമായ കുളിര്‍മ്മയ്ക്കുള്ളിലേക്ക് കടക്കുമ്പോള്‍ത്തന്നെ ശരീരവും മനസ്സും തണുക്കും; ആരിലും ഭക്തിഭാവമുണ്ടാകും. ഇരുനൂറടി നീളവും 120 അടി വീതിയുമാണ് പള്ളിയ്ക്കുള്ളത്. തോറയ്ക്കു മുകളിലെ ഗോപുരത്തിന് 235 അടി ഉയരമുണ്ട്.

അള്‍ത്താരയില്‍ ബൈബിള്‍ സംബന്ധിയായ ഛായാചിത്രങ്ങളുണ്ട്. അള്‍ത്താരയ്ക്കു മുന്നില്‍ മുകളിലായി ജപമാലയുടെ 20 രഹസ്യങ്ങള്‍ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ചുറ്റുവട്ടത്തും ബാല്‍ക്കണിയിലും പരിശുദ്ധ മാതാവിന്റെ വിവിധ ഭാവങ്ങളും വിശുദ്ധന്മാരുടെ ഭക്തിസാന്ദ്രമായ രൂപങ്ങളും ചില്ലുപാളികളില്‍ ചിത്രീകരിച്ചിട്ടുണ്ട്. അള്‍ത്താരയുടെ വശങ്ങളില്‍ യേശുനാഥന്റെ ജ്ഞാന സ്‌നാന മുഹൂര്‍ത്തങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. ബലിയര്‍പ്പണ വേദിയുടെ തൊട്ടുമുകളിലെ തോറയിലേക്ക് നോക്കുമ്പോള്‍ ക്രിസ്തുനാഥന്‍ എല്ലാവരെയും അനുഗ്രഹത്തോടെ വീക്ഷിക്കുന്നതായി കാണാം.

”ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തപ്പെട്ടിട്ടാണ് ക്രൈസ്തവര്‍ കുര്‍ബ്ബാന കൈക്കൊള്ളുക. അനന്തതയിലേക്ക് വിശ്വാസികളുടെ പ്രാര്‍ത്ഥന ഒരു പുകപോലെ ഉയരുന്നതാണ് രാമപുരം പള്ളിയിലെ തോറയുടെ ആകര്‍ഷണം. ആ പ്രാര്‍ത്ഥന കേട്ട് തമ്പുരാന്‍ അനുഗ്രഹം ചൊരിയുന്ന കാഴ്ചയാണ് തോറയ്ക്കുള്ളില്‍” – റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ വിശദീകരിച്ചു.അള്‍ത്താരയില്‍ ആഗസ്തിനോസ് പുണ്യവാളന്‍, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍, നിത്യസഹായമാതാവ്, ഉണ്ണീശോ എന്നിവരുടെ രൂപങ്ങളാണുള്ളത്.

ക്രൈസ്തവ സമൂഹത്തിനാകെ അഭിമാനമായി ഉയര്‍ന്ന രാമപുരം പള്ളിയെക്കുറിച്ച് പുറംലോകം അറിഞ്ഞതിനെത്തുടര്‍ന്ന് നൂറുകണക്കിന് വിശ്വാസികളാണ് നിത്യവും പള്ളി സന്ദര്‍ശിക്കാനെത്തുന്നത്. പള്ളിയും പരിസരവും ചുറ്റിനടന്ന് കാണുന്നവര്‍ക്ക് മുഴുവന്‍ കാര്യങ്ങളും പറഞ്ഞുകൊടുക്കാന്‍ ഗൈഡായി പ്രവര്‍ത്തിക്കുകയാണ് പള്ളി ട്രസ്റ്റികൂടിയായ അമനകര വാലുമ്മേല്‍ ജോണി ജേക്കബ്ബ്. അതിമനോഹരവും ഭക്തിനിര്‍ഭരവുമായ പള്ളിപണിക്ക് നേതൃത്വം നല്‍കിയ റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേലിനെയും രാമപുരത്തെ ഇടവകജനത്തെയും അഭിനന്ദിച്ചുകൊണ്ടാണ് പള്ളി കാണാനെത്തുന്ന ഓരോ സന്ദര്‍ശകരും മടങ്ങുന്നത്.

ജനുവരി 13-നാണ് പുതിയ പള്ളിയുടെ കൂദാശ കര്‍മ്മം നടക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ക്ലീമീസ് മാര്‍ ബസേലിയോസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കുന്ന കൂദാശ കര്‍മ്മത്തില്‍ 25 ഓളം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും പങ്കെടുക്കും. ചരിത്രമാകുന്ന കൂദാശ കര്‍മ്മത്തില്‍ ഒരുലക്ഷത്തോളം വിശ്വാസികളെത്തുമെന്നാണ് പ്രതീക്ഷ.

×