കാത്തിരിപ്പിന് വിരാമം! കരിമ്പടം മാറ്റി ഒടിയനെത്തി; പുതിയ ടീസറിനൊപ്പം റിലീസ് തീയതിയും

ഫിലിം ഡസ്ക്
Friday, July 6, 2018

Image result for ഒടിയന്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയനായി കാത്തിരിക്കുന്നത്. ഒടിയന്‍ മാണിക്കനാവാനായി താരം നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ സിനിമയിലൂടെ താരത്തിന് സുപ്രധാനമായ പല പുരസ്‌കാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്ററുകളും ടീസറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

Image result for ഒടിയന്‍

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് ഒടിയന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അത് ചെയ്യുന്ന ഒടിയന്‍മാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്.

Image result for ഒടിയന്‍

ഒടിയന്റെ ടീസര്‍ വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ അറിയിച്ചത് പോലെ കൃത്യസമയത്ത് തന്നെ സിനിമയുടെ ടീസര്‍ മോഹന്‍ലാല്‍ പുറത്തുവിടുകയായിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളുടെ പരമാവധി സാധ്യത മുതലെടുത്താണ് ഓരോ ചിത്രവും മുന്നേറുന്നത്. താരങ്ങളുടേ പേജിലായാലും സിനിമയുടെ ഔദ്യോഗിക പേജിലായാലും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Image result for ഒടിയന്‍

എന്നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന തരത്തിലുള്ള ചര്‍ച്ചകളും നേരത്തെ അരങ്ങേറിയിരുന്നു. ഓണത്തിന് കേരളക്കര കീഴടക്കാന്‍ ഒടിയനെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. പുതിയ ടീസറിനൊടുവിലായാണ് കൃത്യമായ റിലീസ് തീയതി നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 11 രാവിലെ 7 മണി 9 മിനിറ്റ് മുതല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെയാണ് റിലീസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചത്.

Image result for ഒടിയന്‍

പുതുവര്‍ഷം പിന്നിട്ട് നാളിത്രയായിട്ടും മോഹന്‍ലാലിന്റെ ഒരൊറ്റ സിനിമ പോലും റിലീസ് ചെയ്തിരുന്നില്ല. ആരാധകര്‍ ഇക്കാര്യത്തില്‍ അങ്ങേയറ്റം നിരാശരാണ്. ഒടിയന്‍, നീരാളി, കായംകുളം കൊച്ചുണ്ണി, ഈ മൂന്ന് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നുവെങ്കിലും കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ല. ഒടിയനിടയിലെ ഇടവേളയില്‍ ചിത്രീകരിച്ച നീരാളിയാണ് ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. എന്തായാലും വരാനിരിക്കുന്നത് മോഹന്‍ലാല്‍ യുഗമാണെന്നുറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയപ്പോഴൊക്കെ തിയേറ്റര്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. ചുരുക്കം ചില സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കി സിനിമകളെല്ലാം ഗംഭീര വിജയമായിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അതേതാരജോഡി തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ഒടിയന്‍ മാണിക്കന്‍രെ പ്രഭയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മോഹന്‍ലാലിന് മാത്രമല്ല മഞ്ജുവിനും വ്യത്യസ്ത മേക്കോവര്‍ ആവശ്യമായി വന്നിരുന്നു.

മോഹന്‍ലാല്‍ പുറത്തുവിട്ട ഒടിയന്‍ ടീസര്‍ കാണാം.

×