ആകാശവാണി (കഥ)

സത്യം ഡെസ്ക്
Monday, April 26, 2021

-റസിയ പയ്യോളി

അങ്ങനെയാണ് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ആകാശവാണിയിൽ എൻ്റെ ഒരു കഥ അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. അതൊരു വലിയ കിനാവുമായിരുന്നു. കഥ നന്നായി വായിച്ച് പഠിച്ച് വളരെ ആത്മവിശ്വാസത്തോടെ ഞാൻ അവിടെയെത്തി.

ഗെയ്‌റ്റിൽ പാറാവ് നിൽക്കുന്ന ആളിനോട് നമസ്തേ പറഞ്ഞ് അയാൾ സൂക്ഷിക്കുന്ന സന്ദർശക പുസ്തകത്തിൽ പേരും മേൽവിലാസവും വന്ന കാരണവും എഴുതി പൂരിപ്പിച്ച് റേഡിയോ സ്റ്റേഷൻ റൂമിലേക്ക് ചെന്നിരുന്നു. അപ്പഴേക്കും മണി പത്ത് കഴിഞ്ഞിരുന്നു.

എൻ്റെ ഉള്ളിൽ ചെറിയ അഹങ്കാരമൊക്കെ നിഴലിച്ചു. മുഖത്ത് ശെരിയ്ക്കും അത് കാണാമായിരുന്നു. എന്നെ കണ്ടപ്പഴേ വിളിച്ച് വരുത്തിയ രവി സാറിന് വല്ലാത്തൊരിത്. ചാഞ്ഞും ചരിഞ്ഞും എന്നെ നോക്കുന്നു. അത് ഒരപരിചിതനായത് കൊണ്ടാവാം ഞാൻ കരുതി.

പിന്നെ പുറം കൈമുതൽ മുട്ടുവരെയുള്ള ഭാഗങ്ങളിലെ സിമൻ്റ് കൊണ്ടേറ്റ പൊള്ളൽ കണ്ടാൽ ഇതൊരു കെട്ടുപണിക്കാരനാണെന്നും ബോധ്യമായല്ലൊ. ഇനിയിപ്പൊ അതിലെന്തെങ്കിലും പന്തികേട് തോന്നിയൊ? അറിവ് നേടുന്നതും കഴിവ് തെളിയിക്കുന്നതും എൻ്റെ സൗകര്യം ഞാൻ എന്നോട് പറഞ്ഞു.

നല്ലോണം പഠിച്ചൊ? മുഖവുരയില്ലാതെയായിരുന്നു ചോദ്യം
അതെ..
എന്നാലും റെക്കോഡിങ്ങിനു മുൻപെ ഒന്ന് വായിക്കണം ഞരമ്പുകൾ എഴുന്ന് നിൽക്കുന്ന എൻ്റെ മെലിഞ്ഞ കൈകളിൽ “മൈലാട്ടക്കാരി”എന്ന കഥ നിവർത്തിവെച്ച് ലാഘവത്തോടെ വായിച്ചു തുടങ്ങി. മൂന്നാമത്തെ പാരഗ്രാഫിൽ എത്തിയപ്പോൾ എൻ്റെ ചങ്കിൽ ഒരാന്തൽ…
മട്ടുപ്പാവിൽ എന്നെ നോക്കിയിരുന്ന നിസസഹായയായ ആപെൺകുട്ടിയെ മറക്കാനാവുന്നില്ല… അവളെവിടെ?
വരികൾക്കിടയിൽ ആവശ്യമില്ലാഞ്ഞിട്ടും പറഞ്ഞു പോയി. ഞാൻ വിതുമ്പി.
എൻ്റെ അനുഭവമാണ് ഈ കഥയെന്ന് ബോധ്യപ്പെട്ടപ്പോൾ പരിഹാസരൂപേണ.

ശെരിയ്ക്കും അങ്ങനെ ഒരു പെൺകുട്ടി താങ്കളെ പ്രണയിച്ചൊ ? അതെ… നെഞ്ച് വിരിച്ച് നിവർന്നിരുന്ന് ഞാൻ പറഞ്ഞു. അതിനൊരു പാടി പറച്ചിലിൻ്റെ ഈണമായിരുന്നു. വാസ്തവത്തിൽ അവൾ അത്രക്കെന്നെ മാറ്റി മറച്ചിരുന്നു.

അദ്ദേഹത്തിൻ്റെ മട്ടും ഭാവവും ആകെ മാറി നിർത്താതെ ചിരിക്കാൻ തുടങ്ങി.
ഞാൻ മെലിഞ്ഞുണങ്ങി ഇരുണ്ട് കാഴ്ചയിൽ ഒരു ഭംഗിയുമില്ലാത്തവൻ ഈ ചിരിയ്ക്ക് പിന്നിൽ അതൊക്കെയാണെന്ന് എനിയ്ക്കറിയാം.

ചിരിയ്ക്ക് മറുപടിയായി ഞാൻഹിപ്പി മുടി കുലുക്കിയതേയുള്ളു. ആ കുലുക്കത്തിൽ ചില ചോദ്യങ്ങളുണ്ട് ? അത് അദ്ദേഹത്തിന് മനസിലാവുകയും ചെയ്തു കാണും. എന്നിട്ടും വീണ്ടും ചിരി. അരിശം കൊണ്ട് ഞാൻ പിടഞ്ഞു.

“സ്നേഹത്തിൻ്റെ അളവ് കോൽ രൂപഭാവങ്ങളിലല്ല”. കഥ വായിക്കാൻ വിളിച്ചു വരുത്തി താങ്കൾ എന്നെ പരിഹസിക്കുകയാണൊ? എൻ്റെ വിഷയം എൻ്റെ ശബ്ദത്തിലൊരു കഥ ആകാശവാണിയിൽ വരണം ദീർഘകാലത്തെ സ്വപ്നമാണത് പെട്ടെന്ന് ബാക്കി കൂടി പൂർത്തിയാക്കി ഞാനിറങ്ങി…

ആ യാത്രയിൽ അദ്ദേഹത്തിൻ്റെ സഹയാത്രിക രേഷ്മ ഒരനുവാദവും ചോദിക്കാതെ എൻ്റെ ഹൃദയത്തിലേക്ക് ചാടി കയറുകയായിരുന്നു. അവളെയും കൊണ്ട് ഞാനിങ്ങ് പോന്നു. പിന്നൊരിക്കൽ രവി സാറിൻ്റെ മുന്നിൽ പോയി സ്നേഹത്തിൻ്റെ നിർവ്വചനം ഒരിക്കൽ കൂടി കാണിച്ചു കൊടുത്തു. ഒരു കഥ മുന്നിലേക്ക് വെച്ച് നീട്ടിതന്നത് ഒരു ജീവിതമാണ്… അത് കൊണ്ട് കഥയാണ് എനിക്കെല്ലാം.

 

×