Advertisment

ബിജെപിയുടെ സൗമ്യമുഖമായി വാഴ്ത്തപ്പെട്ട പരീക്കര്‍ യാത്രയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ശക്തനായ നേതാവിനെ ; ഗോവയിലെ മറുവാക്കില്ലാത്ത നേതാവ് മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍ ; രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തെ ബഹുമാനിച്ചിരുന്നെന്ന് രാഹുല്‍ ; ആത്മാർത്ഥതയുടെയും സമർപ്പണമനോഭാവത്തിന്റെയും സംക്ഷിപ്ത രൂപമെന്ന് രാഷ്ട്രപതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബിജെപിയുടെ ഗോവയിലെ മുഖമായിരുന്നു അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.

Advertisment

publive-image

ഗോവയിലെ മപുസയില്‍ 1955ല്‍ ജനനം. മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍. അതായിരുന്നു മുഴുവന്‍ പേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഐഐടിയില്‍ ബോംബെയില്‍ തുടര്‍ പഠനം. അക്കാലഘട്ടത്തിലാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സജീവ പ്രവര്‍ത്തകനാകുന്നത്. ആര്‍എസ്എസിലൂടെ വളര്‍ന്നുവന്നതിന്റെ കണിശത രാഷ്ട്രീയ ജീവിതത്തില്‍ കൊണ്ടുനടന്നു പരീക്കര്‍. നോര്‍ത്ത് ഗോവയില്‍ സംഘടനയെ ശക്തിപ്പെടുത്തുകയായിരുന്നു ഏറ്റെടുത്ത ആദ്യ ദൗത്യം.

അയോധ്യ രാമജന്‍മഭൂമി വിഷയത്തില്‍ സംഘപരിവാറിനൊപ്പം അടിയുറച്ചു നിന്നു. 1994ല്‍ ആദ്യമായി എംഎല്‍എ സ്ഥാനത്തേക്ക്. 99ല്‍ പ്രതിപക്ഷ നേതാവ്. തൊട്ടടുത്ത വര്‍ഷം ബിജെപിയെ ഗോവയില്‍ അധികാരത്തിലെത്തിച്ചു, മുഖ്യമന്ത്രി കസേരയിലേറി. 2002 ഫെബ്രുവരിയില്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പിനെ തുടര്‍ന്നു കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2005ല്‍ ഭരണം നഷ്ടപ്പെട്ടു.

2012ല്‍ പരീക്കറും സംഘവും ഗോവ കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നും മോദിയുടെ വിശ്വസ്തരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന പരീക്കറിന് ലഭിച്ചത് പ്രതിരോധ മന്ത്രിയെന്ന സുപ്രധാന സ്ഥാനം. പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തി.

മൂന്നുവര്‍ഷത്തിനിപ്പുറം ഗോവയില്‍ വീണ്ടും തെരഞ്ഞെടുപ്പ്. കേവലഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന്റെ അമരത്തിരിക്കാന്‍ ബിജെപിക്ക് ഒരേയൊരു പേരേ ഉണ്ടായിരുന്നു, മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍. തിരികെ ഗോവയിലെത്തി വീണ്ടും മുഖ്യമന്ത്രിയായി. ഇതിനിടയില്‍ അര്‍ബുദം പിടിപെട്ടു. നാളെറെയായുള്ള ചികിത്സയും വിശ്രമവും പക്ഷേ ഔദ്യോഗിത ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമായില്ല. പാര്‍ട്ടിയുടെ നെടുംതൂണായി അവസാന നിമിഷം വരെ പോരാടി. നിരവധി തവണ വീണുപോയിട്ടും വീണ്ടും എഴുന്നേറ്റുവന്ന ചരിത്രമാണ് പരീക്കറിനുള്ളത്. ഒടവില്‍ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ രാജ്യം പൊള്ളി നില്‍ക്കുമ്പോള്‍ മനോഹര്‍ പരീക്കര്‍ യാത്രയായിരിക്കുന്നു .

പരീക്കറിന്റെ മരണവാർത്ത ഏറെ ദുഃഖം ഉളവാക്കിയെന്നും രാഷ്ട്രീയകാഴ്ചപ്പാടുകൾക്ക് അതീതമായി അദ്ദേഹ‌ത്തെ ഏറെ ബഹ‌ുമാനിച്ചിരുന്നെന്നുമാണ് രാ​ഹുലിന്റെ വാക്കുകൾ. ഒരു വര്‍ഷത്തിലേറെ അസുഖത്തെ ധീരമായി നേരിട്ട അദ്ദേഹം ഗോവയുടെ പ്രിയപ്പെട്ട പുത്രന്‍മാരില്‍ ഒരാളാണെന്നും രാഹുല്‍ കുറിച്ചു.

പരീക്കറുടെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നും പൊതുപ്രവർത്തനത്തിൽ ആത്മാർത്ഥതയുടെയും സമർപ്പണമനോഭാവത്തിന്റെയും സംക്ഷിപ്ത രൂപമായിരുന്നു പരീക്കറെന്നുമാണ് രാഷ്ട്രപതിയുടെ വാക്കുകൾ .

Advertisment