Advertisment

ചൈനയില്‍ നിന്നെത്തിയ പൂച്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി; 'കക്ഷി' ചെന്നൈയിലുണ്ട്; ഇനി ആര്‍ക്കും ദത്തെടുക്കാം

New Update

publive-image

Advertisment

ചെന്നൈ: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ചൈനയില്‍ നിന്ന് ചെന്നൈയിലേക്ക് 'ഒളിച്ചുകടന്നെത്തിയ' പൂച്ച മൂന്നു മാസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി.

ഫെബ്രുവരി 17നായിരുന്നു പൂച്ച ചെന്നൈയിലെത്തിയത്. ചൈനയില്‍ നിന്നെത്തിയ കപ്പലിലെ കണ്ടെയ്‌നറിനുള്ളില്‍ ഒളിച്ചുകടന്ന് പൂച്ച ചെന്നൈ തുറമുഖത്തെത്തുകയായിരുന്നു.

ചൈനയിലേക്ക് തന്നെ പൂച്ചയെ തിരികെ അയക്കാന്‍ ശ്രമിച്ചെങ്കിലും മൃഗസംരക്ഷണ സംഘടനയായ പെറ്റ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ചെന്നൈ കസ്റ്റംസ് അധികൃതര്‍ ഇതിനെ പൂച്ചകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കാറ്റിറ്റിയൂഡ്ഡ് ട്രസ്റ്റിന് കൈമാറി.

പൂച്ചയെ ചെന്നൈയിലെ അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിറിക്കേഷന്‍ സര്‍വീസിന് കൈമാറണമെന്നും അവിടെ 30 ദിവസം ക്വാറന്റൈനില്‍ സംരക്ഷിക്കണമെന്നും ഏപ്രില്‍ 19ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

അതിനിടെ പൂച്ചയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മനേക ഗാന്ധിയുടെ പിന്തുണയോടെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി.

ആരെങ്കിലും ദത്തെടുക്കുന്നതുവരെ പൂച്ചയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന പെറ്റയുടെ പ്രവര്‍ത്തകരും അറിയിച്ചിരുന്നു. പൂച്ചയില്‍ നിന്ന് മനുഷ്യനിലേക്ക് കൊവിഡ് പടരില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ചെന്നൈ കസ്റ്റംസിന് കത്തുമയച്ചു.

പൂച്ചയെ ഒരു കാരണവശാലും ചൈനയിലേക്ക് അയക്കരുതെന്നായിരുന്നു മൃഗസ്‌നേഹികളുടെ ആവശ്യം. ചൈനയില്‍ മാംസത്തിനായി പൂച്ചകളെ കൊല്ലുന്നത് പതിവാണെന്നായിരുന്നു ഇവര്‍ ഉയര്‍ത്തിക്കാട്ടിയ കാരണം.

എന്തായാലും പൂച്ച ഒടുവില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മോചിതനായി. പൂച്ചയെ സംരക്ഷിച്ചതിന് കേന്ദ്ര-തമിഴ്‌നാട് സര്‍ക്കാരുകളോട് നന്ദി പറഞ്ഞ് മൃഗസ്‌നേഹികളും രംഗത്തെത്തി.

Advertisment