Advertisment

ഇന്ത്യൻ ടീമിനെ കൂടുതൽ കടുപ്പക്കാരാക്കിയത് സൗരവ് ഗാംഗുലി; സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും ഉൾപ്പെടെയുള്ള താരങ്ങൾ ദുർബലരായിരുന്നു എന്നല്ലേ അതിന് അർഥമെന്ന് ഗാവസ്കർ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കൂടുതൽ കടുപ്പമാക്കി മാറ്റിയത് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ഇന്ത്യൻ ടീമിനെ കൂടുതൽ കടുപ്പക്കാരാക്കിയത് സൗരവ് ഗാംഗുലിയാണെന്ന് പറയുമ്പോൾ, സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും ഉൾപ്പെടെയുള്ള താരങ്ങൾ ദുർബലരായിരുന്നു എന്നല്ലേ അതിന് അർഥമെന്ന് ഗാവസ്കർ ചോദിച്ചു. ഒരു മാധ്യമത്തിലെഴുതിയ കോളത്തിലാണ് ഗാവസ്കറിന്റെ വിമർശനം.

Advertisment

publive-image

എതിർ ടീമിന് എപ്പോഴും ആശംസകൾ നേരുന്ന ‘നല്ല’ മനുഷ്യരുടെ സംഘമായിരുന്നു ഗാംഗുലിക്കു മുൻപ് ഇന്ത്യൻ ടീമെന്നാണ് നാസർ ഹുസൈൻ അഭിപ്രായപ്പെട്ടത്. ‘ഇന്ത്യയെ കടുപ്പമുള്ള ടീമാക്കി മാറ്റിയത് ഗാംഗുലിയാണെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഗാംഗുലിക്ക് മുൻപ് ഒട്ടേറെ പ്രതിഭകൾ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

പക്ഷേ, വളരെ എളിമയുള്ള, എതിരാളികളെ കാണുമ്പോൾ പോലും അവരെ അഭിവാദ്യം ചെയ്യുന്ന ആളുകളായിരുന്നു അവർ. എവിടെവച്ച് കണ്ടാലും ഗുഡ് മോണിങ് നാസർ എന്നൊക്കെ പറയുന്ന ആ താരങ്ങൾ സന്തോഷം പകരുന്ന ദൃശ്യമായിരുന്നു’ – ഇതായിരുന്നു ഹുസൈന്റെ വാക്കുകൾ.

ഇന്ത്യൻ ടീമിനെക്കുറിച്ച് നല്ല വാക്കുകളായിരുന്നു നാസർ ഹുസൈന്റേതെങ്കിലും, ഇന്ത്യൻ ടീമിന്റെ മുൻ നായകൻ കൂടിയായ സുനിൽ ഗാവസ്കറിന് അതത്ര പിടിച്ചില്ല. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, അനിൽ കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങളെല്ലാം ദുർബലായിരുന്നു എന്നാണോ നാസർ ഹുസൈന്റെ അഭിപ്രായമെന്ന് ഗാവസ്കർ ചോദിച്ചു. നെഞ്ചിലിടിക്കുന്നതും അലറുന്നതും ദേഷ്യപ്പെടുന്നതുമൊക്കെയാണോ കടുപ്പത്തിന്റെ ലക്ഷണമെന്നും ഗാവസ്കർ ചോദ്യമുയർത്തി.

‘പഴയ ഇന്ത്യൻ ടീമിൽ എതിരാളികളെ കാണുമ്പോൾ അഭിവാദ്യം ചെയ്യുന്ന, ചിരിക്കുന്ന ആളുകളായിരുന്നു ഉണ്ടായിരുന്നതെന്ന് നാസർ ഹുസൈൻ കഴിഞ്ഞ ദിവസം പറയുന്നതു കേട്ടു. അതിന്റെ അർഥം ഏതാണ്ട് ഇങ്ങനെയാണ്: മാന്യമായി പെരുമാറുന്നവർ ദുർബലരാണ്. എതിരാളികളുമായി മുഖാമുഖം നിൽക്കുന്നില്ലെങ്കിൽ നിങ്ങൾ ശക്തരല്ല.

മാത്രമല്ല സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ്, വി.വി.എസ്. ലക്ഷ്മൺ, അനിൽ കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങളൊന്നും കടുപ്പക്കാരേ ആയിരുന്നില്ല. നെഞ്ചിലിടിക്കാതെയും അലറാതെയും ചീത്ത വിളിക്കാതെയും സ്വന്തം കാര്യം നോക്കിയ ഇവരെല്ലാം തീർത്തും ദുർബലരാണ്’ – ഗാവസ്കർ എഴുതി.

sourav ganguly rahul dravid nasser hussain
Advertisment