വാജ്‌പേയിയുടെ പേരില്‍ യോഗി സര്‍ക്കാര്‍ നിര്‍മ്മിച്ച പുതിയ സ്റ്റേഡിയത്തിലെ ഗ്ലാസ് വാതില്‍ തകര്‍ന്നു വീണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രക്ഷപെട്ടത് ഭാഗ്യത്തിന്

സ്പോര്‍ട്സ് ഡസ്ക്
Tuesday, November 6, 2018

ലക്‌നൗ : യുപിയില്‍ യോഗി സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്റ്റേഡിയത്തിലെ ഗ്ലാസ് വാതില്‍ തകര്‍ന്നു വീണ് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഉള്‍പ്പെടെ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കി ആഘോഷമായി ഉത്ഘാടനം ചെയ്ത സ്റ്റേഡിയമാണിത്.

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടിട്വന്റി മത്സരത്തിനിടെയാണ് ഇവിടെ വച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ചൊവ്വാഴ്ച ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനു മുന്‍പ് കമന്ററി ബോക്‌സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്റ്റേഡിയത്തിലെ കമന്ററി ബോക്‌സിലെ ഒരു ഗ്ലാസ് വാതില്‍ ഇരുവരും കടന്നു പോയതിനു തൊട്ടുപിന്നാലെ വീണ് തകരുകയായിരുന്നു.

ഭാഗ്യം കൊണ്ട് ഇരുവരും പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടു. ഗ്ലാസ് വാതിലുകളിലൊന്ന് വീണ് കാര്‍ഡ്‌സ് പാക്കറ്റ് പോലെ തകര്‍ന്നുപോകുകയായിരുന്നുവെന്ന് മഞ്ജരേക്കര്‍ പ്രതികരിച്ചു. ഇവിടുത്തെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്.

×