സുനാമി വന്നാലും ഇല്ലേലും

സുനില്‍ കെ ചെറിയാന്‍
Tuesday, December 26, 2017

ആഗോളതാപനം – ഗ്ലോബൽ വാമിങ്ങ് – അമേരിക്കൻ വ്യാവസായിക പുരോഗതിക്ക് തടയിടാൻ, ചൈന കൊണ്ടുവന്ന കണ്ടുപിടിത്തമാണെന്ന് പറയുന്നതിന് ഗ്യാരണ്ടിയില്ല. എണ്ണ-കൽക്കരി കമ്പനികൾ അങ്ങനെ പറയുന്നവർക്ക് കാശ് കൊടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചെറിയൊരു മുഖം മാത്രമാണ് ആഗോളതാപനം. വർഷം പെയ്യുന്നത് മാറി വരുന്നതും, പെയ്ത മഴവെള്ളത്തിന്റെ അളവ്-മാറ്റവും മറ്റ് മുഖങ്ങൾ.

കഴിഞ്ഞ നൂറ്റമ്പത് വർഷങ്ങളേക്കാൾ ഭൂമിയിൽ രണ്ട് ഡിഗ്രി ചൂട് കൂടി. ഐസ് ഉരുകുന്നതും സമുദ്ര നിരപ്പ് ഉയരുന്നതുമാണ് ഇപ്പറഞ്ഞ രണ്ട് ഡിഗ്രിയുടെ വ്യാപ്തി. എട്ട് ഡിഗ്രിയാണെങ്കിൽ ഭൂമിയിൽ മനുഷ്യവാസം അസാധ്യമാകും. ഇതിനിടയിൽ സസ്യ-ജീവജാലങ്ങളുടെ കൂട്ടമരണവും മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹവും കാണും.

മനുഷ്യനിർമ്മിതമായ ചൂട് പുറത്തേക്ക് വിടുന്നതിൽ നിയന്ത്രണം വേണമെന്ന പാരീസ് നടപടിയാണ് (2015) മനുഷ്യനിർമ്മിതമായ പരിഹാരങ്ങളിലൊന്ന്. സോളാർ എനർജി, കാറ്റ്- ജലവൈദ്യുതി പദ്ധതികളും കുറച്ചു ചൂടേ അന്തരീക്ഷത്തിലേക്ക് വിടൂ. ചില രാജ്യങ്ങൾ 2030-ഓടെ പെട്രോൾ കാറുകളുടെ വിൽപന നിരോധിക്കുമെന്ന് പറയുന്നു. ചൂട് പുറത്തേക്ക് തള്ളുന്നതനുസരിച്ച് കാർബൺ ടാക്സ് ചില രാജ്യങ്ങൾ നടപ്പിലാക്കാൻ പോകുന്നു.

രാഷ്ട്രങ്ങളുടെയും വാൻ കമ്പനികളുടെയും കാര്യമായി ഇതിനെ വിട്ട് കൊടുക്കരുത്. വ്യക്തികൾക്കും തന്നാലാവുന്നതും ചെയ്യാം. ഇത്രടം വരെ പോകണമെങ്കിൽ പബ്ളിക് ട്രാൻസ്‌പോർട് ഉപയോഗിക്കുക; ഇറച്ചി കുറച്ച് കഴിക്കുക; വെറുതേ കത്തിക്കിടക്കുന്ന ബൾബ് ഓഫാക്കുക; വീടിന് മുകളിൽ സോളാർ പാനൽ ആയാലോ? ക്ളീൻ എനർജി പ്രോത്സാഹിപ്പിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുക. ഡിസംബർ 31-ന് മുൻപ് സുനാമി വരില്ലായിരിക്കും. പക്ഷെ ഇനിയൊരിക്കൽ വന്നാൽ, ‘ഞങ്ങൾ പറഞ്ഞില്ലേ’ എന്ന അവകാശമുന്നയിച്ച് മുതലെടുപ്പ് നടത്തുന്നവരുണ്ട്. അവരുടെ പിടിയിൽ അകപ്പെടാതെ സ്വന്തമായി എന്തെങ്കിലും ചെയ്യുക.

×