ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്; വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ് , ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ നേരത്തെ രംഗത്തെത്തിയ സുനിതയെ പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വിമര്‍ശിക്കുകയാണ് സോഷ്യല്‍ ലോകം.

author-image
admin
Updated On
New Update

തിരുവനന്തപുരം: ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് യുവതിക്ക് വേണ്ടി പണം പിരിച്ച് നല്‍കിയതായി ആരോപണം. ആലപ്പുഴ സ്വദേശി ശ്രീമോള്‍ മാരാരി എന്ന യുവതിക്കായി സുനിത ഫേസ്ബുക്കിലൂടെ പണം സമാഹരിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ശ്രീമോള്‍ ക്യാന്‍സര്‍ രോഗിയല്ലെന്ന വിവരം പുറത്തുവന്നതോടെ സുനിതയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Advertisment

publive-image

ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ നേരത്തെ രംഗത്തെത്തിയ സുനിതയെ പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വിമര്‍ശിക്കുകയാണ് സോഷ്യല്‍ ലോകം. അതേസമയം സംഭവത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുനിതയും വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് സുനിത ഫേസ്ബുക്ക് ലൈവില്‍ എത്തി ശ്രീമോള്‍ക്കായി ധനാഭ്യര്‍ത്ഥന നടത്തിയത്. ഏകദേശം 2,85,800 രൂപയോളമാണ് കളക്ട് ചെയ്യാന്‍ സാധിച്ചതെന്നും മൊത്തം അഞ്ച് ലക്ഷം രൂപയോളം ശ്രീമോളുടെ ചികിത്സയ്ക്കായി വേണമെന്നുമായിരുന്നു സുനിത പോസ്റ്റിട്ടത്. ഇതിനെ തുടര്‍ന്ന് .ഷിംന അസീസ് ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സുനിതയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും സുനിത പങ്കുവെച്ചിരുന്നു.

പിന്നീട് ആവശ്യമായ തുക ലഭിച്ചെന്നും എല്ലാ കണക്കുകളും സഹിതം വിശദമായൊരു കുറിപ്പ് ഇടാമെന്നും സുനിത പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ശ്രീമോള്‍ക്ക് ക്യാന്‍സര്‍ ഇല്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. ഇതോടെ സുനിതയ്ക്കെതിരെ വടിയെടുത്ത് നിരവധി പേര്‍ രംഗത്തെത്തിയത്.

സുനിതയ്ക്ക് നേരെ വിമര്‍ശന ശരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പലിനെ സുനിത വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ സുനിതയ്ക്കെതിരെ രംഗത്തെത്തിയത്. 'ഒരു ചാൻസ് കിട്ടിയപ്പോൾ ഫിറോസിന്റെ തലയിൽ കയറിയിരുന്ന് ഡാൻസ് കളിക്കാനും അയാളെകുറിച്ച് എൻ ഐ ഐ അന്വേഷിച്ച് അയാളുടെ തട്ടിപ്പുകൾ പുറത്തു കൊണ്ടുവരണം എന്നൊക്കെ പറയാൻ നമുക്ക് എന്തൊരാവേശമായിരുന്നു' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.

publive-image

ഇന്ന് വരെ ഫിറോസിന്റെ ചാരിറ്റി കേസുകൾ വ്യാജമായിരുന്നു എന്നാരും പറഞ്ഞിട്ടില്ല. സുനിതാ ദേവദാസ് കൂടി ഉൾപ്പെട്ട ചാരിറ്റിക്കേസ് മുച്ചൂടും വ്യാജമായിരുന്നു എന്ന് സുനിത തന്നെ ആണയിടുമ്പോൾ ഒരു രോഗിയുടെ അർഹതയും അനർഹതയും തലനാരിഴ കീറി പരിശോധിച്ച് ഏറ്റെടുക്കുന്ന ഫിറോസിന്റെ വിവരക്കേട് തന്നെയാണ് നിങ്ങളുടെയൊക്കെ അതി ബുദ്ധിക്ക് മേലേ എന്ന് സമ്മതിക്കണം. ഒന്നല്ല, ഒരു നൂറ് കേസുകൾ കൈകാര്യം ചെയ്തിട്ടും ഇങ്ങനെ യൊരാക്ഷേപം ഫിറോസിന് ഉണ്ടായിട്ടില്ല. അതാണാ ചെങ്ങായിയുടെ വിശ്വസ്തത. അതുണ്ടാക്കി യെടുക്കാൻ എളുപ്പമല്ല' എന്നായിരുന്നു മറ്റൊരു കമന്‍റ്.

സുനിത വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന തരത്തിലുള്ള കമന്‍റുകളും ഉയരുന്നുണ്ട്. അതേസമയം സംഭവം വിവാദമായതോടെ സുനിത ഫേസ്ബുക്കില്‍ ഒരു വിശദീകരണ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ-ശ്രീമോൾ മാരാരിയെക്കുറിച്ച് എനിക്ക് അറിയാവുന്നത് :സ്ത്രീകൾ മാത്രമുള്ള വിവിധ സ്ത്രീ കൂട്ടായ്മകൾ ഉണ്ട്. അതിലുള്ള മനുഷ്യരിൽ രണ്ടു പേരാണ് ഞാനും ശ്രീമോളും ( വേറെയും ധാരാളം സ്ത്രീകൾ അതിലൊക്കെയുണ്ട്)അവിടെ ശ്രീമോൾ നിരന്തരം കാൻസർ എന്നും കീമോ എന്നും നാലു സർജറി കഴിഞ്ഞു എന്നും കുട്ടികൾ ഇല്ല എന്നും പറഞ്ഞു പോസ്റ്റ് ഇടുമായിരുന്നു. പൈസയില്ലെന്നു പറയും. വെല്ലൂർ പോകണം എന്ന് പറയും. കോമയിലാണ് അഡ്മിറ്റ് ആണ് എന്ന് പറയും.അത് വിശ്വസിച്ചു പലരും ഇവളെ കാലങ്ങളായി സാമ്പത്തികമായി സഹായിച്ചു വന്നു.

ഇക്കഴിഞ്ഞ ജൂലായിൽ അവളുടെ കൂടെ താമസമുള്ള ഒരു മനുഷ്യൻ അവളെ ഉപേക്ഷിച്ചു , ജീവിക്കാൻ നിവൃത്തിയില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു.സ്ത്രീകൾ ആശ്വസിപ്പിച്ചു. പണം നൽകി.ഇപ്പോ കുറച്ചു ദിവസം മുൻപ് രോഗം കഠിനമാണെന്നും അവസാന സ്റ്റേജ് ആണെന്നും ലേക്‌ഷോറിൽ ഹൈ ഡോസ് ആറു കീമോ വേണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് നിലവിളിയായി. ഗ്രൂപ്പിലെ പല സ്ത്രീകളും നേരിട്ട് പോയി. കണ്ടു . ആശ്വസിപ്പിച്ചു.അത് വിശ്വസിച്ച പലരും പണം നൽകി. ചിലർ ധനസഹായം ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടു.

അതിനിടെ, ക്യാന്സര് രോഗികളുടെ ഗ്രൂപ്പായ 'അതിജീവനം വീ ക്യാൻ' ഗ്രൂപ്പിൽ ഒരു കൊല്ലമായി കാൻസർ രോഗിയായി അഭിനയിച്ചു ഇരിക്കുന്നുണ്ടായിരുന്നു.അവിടെയുള്ള, രോഗത്തിന്റെ ഭീകരാവസ്ഥ അറിയാവുന്നവർ ശ്രീമോളെ സപ്പോർട്ട് ചെയ്തതോടെ സർജറിക്കായി പണം പിരിക്കുവാനും പണം നൽകാനും കൂടുതൽ പേര് മുന്നോട്ട് വന്നു.

ഈ പോസ്റ്റുകൾ കണ്ട ഞാൻ ശ്രീമോളോട് കാര്യം എന്താണെന്നു ചോദിച്ചു.അസുഖം വളരെ കൂടുതൽ ആണെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു. മുൻപ് നാലു സർജറി കഴിഞ്ഞതാണ്.ഇപ്പോ ഉടൻ വെള്ളി മുതൽ ആറു കീമോ തുടങ്ങണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് പറഞ്ഞു.പൈസ എത്ര ചെലവ് വരും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഒരു കീമോക്ക് 32000 വച്ച് ആറു കീമോ. സർജറി കഴിഞ്ഞ തവണ ചെയ്തപ്പോൾ 286000 ആയി. ഇത്തവണയും അത്ര ആവും എന്നാണ്.

ദയ തോന്നിയ ഞാൻ ആരോ തയ്യാറാക്കിയ പോസ്റ്റ് ഒന്നെഡിറ്റ് ചെയ്തു ഷെയർ ചെയ്തു. നമ്മളൊക്കെ പണം നൽകി.ഇത്രയുമാണ് എനിക്ക് അറിയാവുന്നത് അവൾ ചികിത്സ ഡോക്കുമെന്റുകൾ തന്നിരുന്നു. അതിൽ ചിലതിൽ കാൻസർ ഉണ്ടെന്നുണ്ടായിരുന്നു. ഞാൻ ചില ഡോക്ടർമാരെ കാണിച്ചിരുന്നു.എന്നാൽ ഇപ്പോ ആളുകൾ പറഞ്ഞു കേൾക്കുന്നത് ആ ചികിത്സ പേപ്പറൊക്കെ മറ്റാരുടേതോ ആയിരുന്നെന്നാണ്.ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നു.ബാക്കി വിവരങ്ങൾ ആലപ്പുഴക്കാരും മാരാരിക്കുളംകാരും കണ്ടു പിടിക്കും എന്ന് കരുതുന്നു.നന്ദി സ്നേഹം ശ്രീമോൾക്ക് പ്രത്യേകം നന്ദി..സുനിത ദേവദാസ്

Advertisment