അങ്കം മുറുകും; സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത് ഐ ലീഗിലെ വമ്പന്‍ ടീമിനെ

സ്പോര്‍ട്സ് ഡസ്ക്
Monday, March 12, 2018

സൂപ്പര്‍ കപ്പ് ആദ്യ റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എിതരാളികള്‍ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയാണ്. ഏപ്രില്‍ ആറിനാണ് മത്സരം. ഐ എസ് എല്‍ ലീഗ് ഘട്ടത്തില്‍ ആറാം സ്ഥാനത്തെത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് യോഗ്യത നേടിയത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 31 ന് തുടങ്ങുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഏപ്രില്‍ ആറിനാണ് അവസാനിക്കുന്നത്.

പൂനെ സിറ്റി ഷില്ലോംഗ് ലാജോംഗിനെയും ചെന്നൈയിന്‍ എഫ് സി ഐസ്വാള്‍ എഫ് സിയെയും മിനര്‍വ്വ പഞ്ചാബ് ജംഷഡ്പൂരിനെയുമാണ് നേരിടുന്നത്. ബെംഗളുരു, എഫ് സി ഗോവ, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയവര്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് യോഗ്യത നേടുന്ന ടീമുകളെ നേരിടും. കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ് സി യോഗ്യതാ റൗണ്ട് വിജയിക്കുകയാണെങ്കില്‍ നേരിടേണ്ടി വരുന്നത് കരുത്തരായ ബെംഗളുരു എഫ് സിയെയായിരിക്കും.

മാര്‍ച്ച് 15, 16 തിയതികളില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെയാണ് സൂപ്പര്‍ കപ്പ് ആരംഭിക്കുന്നത്. ഐ എസ് എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാര്‍ നേരിട്ട് ടൂര്‍ണ്ണമെന്റിന് നേരിട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു. അവസാന സ്ഥാനക്കാരില്‍ നിന്ന് നാലു ടീമുകള്‍ കൂടി യോഗ്യത മത്സരം കളിച്ച് സൂപ്പര്‍ കപ്പിനെത്തും. യോഗ്യതാ റൗണ്ടില്‍ ഡല്‍ഹി ഡൈനാമോസ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും നോര്‍ത്ത് ഈസ്റ്റ് ഗോകുലത്തെയും മുംബൈ സിറ്റി ഇന്ത്യന്‍ ആരോസിനെയും എ ടി കെ ചെന്നൈ സിറ്റിയെയുമാണ് നേരിടുന്നത്.

×