ജയലളിത പോയി, കരുണാനിധി അവശതയിലാണ്. തമിഴ്നാടിനു ഇനിയൊരു നേതാവ് വേണം. എംജിആറിന്‍റെ പിന്‍ഗാമി ഇനി ഞാന്‍ തന്നെ യെന്നു പ്രഖ്യാപിച്ച് രജനീകാന്ത് രംഗത്ത്

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, March 5, 2018

ചെന്നൈ∙  ‘ഒരു പാർട്ടിയും എന്റെ രാഷ്ട്രീയ പ്രവേശനം ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. എന്തിനാണു നിങ്ങൾ എന്നെയും മറ്റുള്ളവരെയും ഭയക്കുന്നത്? ഇപ്പോഴുള്ള സര്‍ക്കാരും മറ്റു രാഷ്ട്രീയക്കാരും എന്നോടു ചോദിക്കുന്നു, എന്തിനാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കു വരുന്നതെന്ന്!

എനിക്ക് 67 വയസ്സായി. എന്നിട്ടും രാഷ്ട്രീയത്തിൽ ഇറങ്ങാൻ തോന്നിയെങ്കിൽ അത് നിങ്ങൾ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതു കൊണ്ടാണ്…’ – രാഷ്ട്രീയ പ്രവേശനത്തിന് വിശദീകരണവുമായി ഡോ.എംജിആർ എജ്യുക്കേഷനൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ സൂപ്പര്‍താരം രജനീകാന്ത്‌ നടത്തിയ പ്രസംഗം തീപ്പൊരിയായി . എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു രജനിയുടെ പ്രസംഗം.

‘ജയലളിത നമ്മെ വിട്ടു പോയിരിക്കുന്നു. കരുണാനിധി ശാരീരികമായി അവശതയിലാണ്. തമിഴ്നാടിന് ഒരു നേതാവിനെ വേണം. ആ ഒഴിവു നികത്താനാണ് എന്റെ വരവ്. എവിടെയെല്ലാം തെറ്റു നടക്കുന്നുണ്ടെന്ന് എനിക്കു കൃത്യമായറിയാം. ദൈവം എന്റെയൊപ്പമുണ്ട്…’ തന്റെ ഭാവി പദ്ധതികളിൽ വ്യക്തത വരുത്തിക്കൊണ്ട് രജനീകാന്ത് പറഞ്ഞു.

‘എം.കരുണാനിധി, ജി.കെ.മൂപ്പനാർ തുടങ്ങിയവരുമായി നല്ല ബന്ധമാണ്. അവരിൽ നിന്നെല്ലാം രാഷ്ട്രീയത്തെപ്പറ്റി ഏറെ പഠിച്ചു. ജീവിതത്തില്‍ ഞാൻ സന്തോഷത്തോടെയിരിക്കാൻ കാരണക്കാരിൽ ഒരാൾ എംജിആർ ആണ്. എന്റെ വിവാഹത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ ഇടപെടലുണ്ട്. പല നിർണായക ഘട്ടങ്ങളിലും സഹായിക്കാനെത്തി. രാഷ്ട്രീയത്തിലെ യാത്ര അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം.

കല്ലും മുള്ളും വിഷപ്പാമ്പുകളും നിറഞ്ഞ വഴിയിലൂടെയായിരിക്കും യാത്ര. പക്ഷേ എംജിആർ ജനങ്ങൾക്കു സമ്മാനിച്ച അതേ ഭരണം നൽകാൻ എനിക്കാകും. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട്’ രജനീകാന്ത് പറഞ്ഞു. സർവരേയും സമഭാവനയോടെ കാണുമെന്നും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്നും രജനി പറഞ്ഞു .

വിദ്യാർഥികളോടുള്ള കൂടിക്കാഴ്ചയിലും കണ്ടു രജനീകാന്തിന്റെ തനതു ശൈലിയിലുള്ള പ്രയോഗങ്ങൾ– ‘വിദ്യാർഥികൾക്ക് പഠനത്തിൽ മാത്രമായിരിക്കണം ശ്രദ്ധ. വിദ്യാലയത്തിലേക്കുള്ള ഓരോ പടികളും കയറുമ്പോഴും അച്ഛനെയും അമ്മയെയും ഓർക്കണം.

അവരുടെ സന്തോഷമാകണം മനസ്സിൽ. പഠിപ്പ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ വരരുത്. പകരം വോട്ടു ചെയ്താൽ മതി. ഞാൻ പാർട്ടി ആരംഭിച്ചാൽ പോലും പഠിത്തം കളഞ്ഞ് എന്റെ ഒപ്പം ചേരരുത്.’ സദസ്സിൽ നിറഞ്ഞ കയ്യടികൾക്കിടയിൽ രജനീകാന്ത് പറഞ്ഞു.

‘ഇംഗ്ലിഷ് പഠിക്കണം. അതാണു നിങ്ങളുടെ തൊഴിലിൽ സഹായിക്കുക. തൊഴിലിൽ മുന്നേറണമെങ്കിൽ ഇംഗ്ലിഷ് അറിഞ്ഞിരിക്കണം. തമിഴൻ വളർന്നാലേ തമിഴ് ഭാഷയും വളരൂ, നാട് വളരൂ. അതിനു തമിഴ് മാത്രം സംസാരിച്ചാൽ മാത്രം പോരാ.

ഇംഗ്ലിഷ് പഠിച്ച് പല നാടുകളിൽ പോയാൽ തമിഴ്നാടിനാണു പേര്, തമിഴ് ഭാഷയ്ക്കാണു പേര്. സുന്ദര്‍ പിച്ചൈ, അബ്ദുൽ കലാം എന്നിവരെല്ലാം അത്തരത്തിൽ തമിഴിനു പെരുമ നൽകിയവരാണ്…’ രജനീ കുട്ടികളെ ഉപദേശിച്ചു .

നല്ല ഗുണങ്ങളോടെയിരിക്കുക, നല്ല സുഹൃത്തുക്കൾക്കൊപ്പമിരിക്കുക, അതാണു ജീവിതത്തിൽ മുന്നേറാനും വിജയിക്കാനും സഹായിക്കുക എന്നു പറഞ്ഞ് പ്രസംഗം അവസാനിക്കുമ്പോൾ ആയിരക്കണക്കിനു പേരാണ് പിന്തുണയറിയിച്ച് കരഘോഷം മുഴക്കിയത്.

×