‘ഇത് ഗുരുതരമായ വിഷയം’ ജസ്റ്റിസ് ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് സുപ്രീം കോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 12, 2018

ഡല്‍ഹി : സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ ജഡ്ജ് ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹരികൃഷ്ണന്‍ ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

‘ഈ വിഷയം വളരെ ഗൗരവമുളളതാണ്.’ എന്നു നിരീക്ഷിച്ചുകൊണ്ട് സുപ്രീം കോടതി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍ ലോണ്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും.

ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി എട്ടിന് ബോംബെ ഹൈക്കോടതിയില്‍ ബോംബെ ലോയേഴ്‌സ് അസോസിയേഷനും സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ലോയയുടെ മരണത്തില്‍ ഒരു റിട്ടയേര്‍ഡ് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനെ രൂപീകരിക്കണമെന്നാണ് ലോയേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ പ്രതിയായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിക്കുന്ന റിപ്പോര്‍ട്ട് കാരവന്‍ മാസികയാണ് പുറത്തുവിട്ടത്.

മരണപ്പെടുന്ന ദിവസം ലോയ താമസിച്ച നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ സൂക്ഷിച്ച രജിസ്റ്ററില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൂടാതെ ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും രംഗത്തുവന്നിരുന്നു.

നാഗ്പൂരില്‍ സര്‍ക്കാര്‍ വി.ഐ.പികള്‍ താമസിക്കുന്ന രവി ഭവനിലായിരുന്നു ലോയ താമസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ബുക്കിങ്ങിന് അല്ലാതെ ഉപയോഗിക്കുന്ന രജിസ്റ്ററില്‍ ഗസ്റ്റുകളുടെ പേരും അവര്‍ എത്തുന്ന സമയവും രേഖപ്പെടുത്താറുണ്ട്. 2017 ഡിസംബര്‍ 3 ന് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ ലോയുടെ പേരുണ്ടായിരുന്നില്ലെന്നാണ് കാരവന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണു ബി.എച്ച്. ലോയ മരണപ്പെടുന്നത്.

×