Advertisment

കള്ളുഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോ എന്ന് കേരളത്തോട് സുപ്രീംകോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം

New Update

ന്യൂഡല്‍ഹി: കള്ളുഷാപ്പുകള്‍ മാറ്റിസ്ഥാപിക്കാനാകുമോ എന്ന് കേരളത്തോട് സുപ്രീംകോടതി. ദേശീയപാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റുന്നതിലെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. കള്ളുഷാപ്പുകള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തോട് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 500 മീറ്റര്‍ പരിധിയിലുള്ള ഷാപ്പുകള്‍ക്ക് ഇളവ് വേണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. കള്ളുഷാപ്പുകള്‍ക്ക് ഇളവ് നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചിരുന്നു.

Advertisment

പാതയോരത്തെ മദ്യശാലകളെ സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു. സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. നേരത്തെ വിഷയത്തില്‍ സര്‍ക്കാര്‍ നിയമ സെക്രട്ടറിയില്‍ നിന്ന് ഉപദേശം തേടിയിരുന്നു.

publive-image

ദേശീയസംസ്ഥാന പാതയോരങ്ങളിലെ ബാറുകളും മദ്യത്തിന്റെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് നിയമ സെക്രട്ടറിയുടെ ഉപദേശത്തില്‍ പറഞ്ഞിരുന്നത്. ബിയര്‍വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍, ബാറുകള്‍, ബിവറേജസ് കോര്‍പ്പറഷന്റേതടക്കമുള്ള  ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ ഇവയെയെല്ലാം സുപ്രീം കോടതി വിധി ബാധിക്കുമെന്നാണ് നിയമസെക്രട്ടറിയുടെ അഭിപ്രായം.

സംസ്ഥാനത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നതിനാല്‍ റിവിഷന്‍ പെറ്റീഷന്‍ ഉടന്‍തന്നെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിയമസെക്രട്ടറി പറഞ്ഞിരുന്നത്. എന്നാല്‍ സുപ്രധാനമായൊരു വിഷയത്തില്‍ നിയമസെക്രട്ടറിയുടെ മാത്രം ഉപദേശം തേടി തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് സെക്രട്ടറി അഡ്വക്കേറ്റ് ജനറല്‍ സി. പി. സുധാകര പ്രസാദിനോട് ഉപദേശം തേടിയത്.

വിഷയത്തില്‍ രണ്ട് തരത്തിലുള്ള വാദം ഉയരുന്നുണ്ടെന്നും സുപ്രീം കോടതി വിധി വ്യക്തമാകുന്ന തരത്തില്‍ ഉപദേശം നല്‍കണമെന്നും എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടു. പഞ്ചാബിലെ മദ്യ വില്‍പ്പന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിധിയില്‍ സംസ്ഥാനത്തെ ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യ വില്‍പ്പന കേന്ദ്രങ്ങളെ മാത്രമേ ബാധിക്കൂ എന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്ന വാദം.

ദേശീയസംസ്ഥാന പാതയോരങ്ങളില്‍ നിന്ന് 500 മീറ്ററില്‍ കുറഞ്ഞ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. വിഷയത്തില്‍ സുപ്രീം കോടതി വിധി പഠിച്ചതിന് ശേഷം അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് ഉപദേശം നല്‍കും.

supreme court
Advertisment