Advertisment

സുഡാനി നിരൂപണത്തിലെ ലീഗ് പരാമര്‍ശം! ഫേസ്ബുക്കില്‍ ഖേദം പ്രകടിപ്പിച്ച് സുരാജ്

author-image
ഫിലിം ഡസ്ക്
New Update

ഹാസ്യപ്രാധാന്യമുളള വേഷങ്ങളില്‍ തുടങ്ങി സിനിമയിലെത്തിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ റോളുകളില്‍ തുടങ്ങി മലയാളത്തിലെ സുപ്പര്‍താരങ്ങളുടെ സിനിമകളില്‍ സഹനടനായി ശ്രദ്ധേയ പ്രകടനമായിരുന്നു സുരാജ് കാഴ്ചവെച്ചിരുന്നത്. സുരാജ് ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നവയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ സുരാജിന്റെ തിരുവനന്തപുരം ഭാഷ സിനിമകളില്‍ ക്ലിക്കായി മാറിയിരുന്നു. കോമഡിക്ക് പ്രാധാന്യമുളള റോളുകള്‍ ചെയ്യുന്നതിനിടയ്ക്കാണ് സിരീയസ് റോളുകളും സുരാജ് ചെയ്യുവാന്‍ തുടങ്ങിയിരുന്നത്. നിവിന്‍പോളി ചിത്രം ആക്ഷന്‍ഹീറോ ബിജുവിലെ സുരാജിന്റെ വേഷം ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു.

Advertisment

publive-image

ചെറിയൊരു സീനില്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും സുരാജ് ആ വേഷം മികവുറ്റതാക്കിയിരുന്നു. ഹാസ്യനടന്‍ എന്ന ലേബലില്‍ നിന്നും സിനിമയില്‍ എല്ലാ തരം കഥാപാത്രങ്ങളും ചെയ്യുന്ന നടനായി സുരാജ് മാറിയിരുന്നു. ദീലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലായിരുന്നു സുരാജ് എത്തിയിരുന്നത്. ചിത്രത്തിലെ സുരാജിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013ല്‍ ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയാണ് സുരാജിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.

സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സക്കറിയ ഒരുക്കിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ചിത്രം കണ്ടതിന്റെ സന്തോഷം സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. അതിമനോഹര സിനിമയാണ് സുഡാനി ഫ്രം നൈജീരിയെന്നും ചിത്രത്തിലെ താരങ്ങളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നുവെന്നുമാണ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്

ചിത്രത്തെക്കുറിച്ചുളള തന്റെ പോസ്റ്റില്‍ ലീഗും കുഞ്ഞാലിക്കുട്ടിയുമില്ലാതെ മലപ്പുറത്തിന്റെ ഭംഗി എന്നൊരു വാചകം സുരാജ് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന് അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് പോസ്റ്റില്‍ നിന്ന് സുരാജ് ആ ഭാഗം ഒഴിവാക്കി ഖേദം പ്രകടിപ്പിച്ചിരുന്നു. മലപ്പുറത്തിന്റെ സ്‌നേഹവും, ഫുട്‌ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചതെന്നും മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബുമെന്നും സുരാജ് പറഞ്ഞു.സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നു സുരാജ് പറഞ്ഞു. താന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment