ബാലഗണപതിയുടെ അനുഗ്രഹം തേടി സുരേഷ് ഗോപി എംപി ദേവസന്നിധിയില്‍

ന്യൂസ് ബ്യൂറോ, പാലാ
Friday, March 5, 2021

പാലാ: സുരേഷ് ഗോപി എംപി ഇടയാറ്റ് ബാലഗണപതിയുടെ അനുഗ്രഹം തേടിയെത്തി. ഇന്ന് രാവിലെയാണ് അമ്പലത്തിൽ എത്തിയത്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയുടെ പൂജാ ദിവസമായിരുന്നു ഇന്ന്. മകൻ ഗോകുലുമൊത്ത് അഭിനയിക്കുന്ന അദ്യ സിനിമയാണിത്. പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കാത്തിരപ്പള്ളി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

അമ്പലത്തിലെത്തിയ സുരേഷ് ഗോപി തൻ്റെ കുടുംബാംഗങ്ങളുടെ അടക്കം നാളും പേരും അനുസരിച്ച് തേങ്ങയുടയ്‌ക്കൽ അടക്കമുള്ള വഴിപാടുകൾ നടത്തി. പാലാ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർമാൻഷൻ ഹോം സ്റ്റേയിലാണ് സുരേഷ് ഗോപിയും മകൻ ഗോകുലം അടക്കമുള്ളവർ താമസിക്കുന്നത്. തൻ്റെ കുടുംബ സുഹൃത്തായ ബിജു പുളിക്കകണ്ടത്തിനൊപ്പമാണ് വിനായക സന്നിധിയിൽ എത്തിയത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരമമിട്ടാണ് സുരേഷ് ഗോപി സിനിമാ ചിത്രീകരണത്തിൽ സജീവമായത്. ഈ സിനിമയ്ക്ക് ശേഷം ആരംഭിക്കാനിരിക്കുന്നത് ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയാണ്. അതിൻ്റെ ചിത്രീകരണവും പാലായിലും പരിസര പ്രദേശങ്ങളിലുമായാണ്.

 

×