Advertisment

എന്റെ വിയര്‍പ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്....അവളുടെ പെട്ടി മൂടുന്നതിനു മുന്‍പ്, ആ മഞ്ഞ ഷര്‍ട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്...ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്"; ഉള്ളുപൊട്ടുന്ന ഓർമ്മയുമായി സുരേഷ് ​ഗോപി

New Update

കൊച്ചി: തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം പ്രേക്ഷകരുമായി പങ്കുവച്ച് സുരേഷ് ഗോപി. സുരേഷ് ഗോപി അവതാരകനായ ഒരു ടെലിവിഷനിലെ ഗെയിം ഷോയില്‍ മല്‍സരാര്‍ഥിയെ മുന്നിലിരുത്തിയാണ് സുരേഷ് ഗോപി തന്‍റെ മരിച്ചു പോയ മകളെ കുറിച്ച് പറഞ്ഞത്. മത്സരാര്‍ത്ഥിയെ കാണാന്‍ ഇന്ദ്രന്‍സിനെ പോലെയുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം.

Advertisment

publive-image

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

'' ഉത്സവമേളം എന്ന ചിത്രത്തില്‍ വളരെ കളര്‍ഫുള്‍ ആയ വസ്ത്രങ്ങള്‍ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തില്‍ മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവര്‍ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷര്‍ട്ട് ഇന്ദ്രന്‍സ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.

1992 ജൂണ്‍ 6ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്...പിന്നെ മകളില്ല.. അന്നവള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയര്‍പ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാന്‍, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുന്‍പ്, ആ മഞ്ഞ ഷര്‍ട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്‌നേഹം.'' - സുരേഷ് ഗോപി പറഞ്ഞു.

Advertisment