Advertisment

സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി എയിംസിലെ ഫൊറൻസിക് വിഭാഗം; ശരീരത്തിൽ വിഷാംശം കണ്ടെത്താനായില്ല

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ : നടൻ സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി എയിംസിലെ ഫൊറൻസിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍. സുശാന്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്താനായില്ലെന്നും ആത്മഹത്യയാണെന്നും പോസ്റ്റ്മോർ‍ട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ച എയിംസ് സംഘം വ്യക്തമാക്കിയെന്നാണു സൂചന.

Advertisment

publive-image

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എയിംസിലെ ഫൊറൻസിക് വിഭാഗം സിബിഐയ്ക്കു കൈമാറി. കൊലപാതകം സംബന്ധിച്ച സംശയങ്ങളിൽ ഇപ്പോഴും അന്വേഷണം തുടരുന്ന സിബിഐ, ഫൊറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.

ഡൽഹി എംയിസിലെ ഫൊറൻസിക് സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ കാമുകി റിയ ചക്രവർത്തിയുൾപ്പെട്ട ലഹരിക്കേസിന്, നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി കാര്യമായ ബന്ധമില്ലെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യും വ്യക്തമാക്കിയിരുന്നു. മരണത്തിലേക്കു നയിച്ചത് ലഹരിമരുന്നല്ല എന്ന സൂചനകളാണു എയിംസിലെ ഫൊറൻസിക് വിഭാഗവും എൻസിബിയും നൽകുന്നത്.

സുശാന്തിനെ കാമുകി റിയ ചക്രവർത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നായിരുന്നു സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ ആരോപണം. തനിക്ക് അയച്ചുകിട്ടിയ ഫോട്ടോകളിൽനിന്ന് കഴുത്തിനു ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് 200% ഉറപ്പാണെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടർ നാളുകൾക്കു മുൻപേ പറഞ്ഞിരുന്നുവെന്ന് അഭിഭാഷകൻ വികാസ് സിങ് അവകാശവാദം ഉന്നയിച്ചിരുന്നു.

അന്വേഷണങ്ങൾ പക്ഷപാതപരമായും ഇടപെടലുകളില്ലാതെയും നടക്കണമെങ്കിൽ പുതിയ മെ‍‍ഡിക്കൽ ബോർഡിനെ സിബിഐ നിയമിക്കണമെന്ന് വികാസ് സിങ്ങിന്റെ പരാമർശത്തോട് റിയയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.

ലഹരിക്കേസിൽ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നീ നടിമാർക്കു ക്ലീൻ ചിറ്റ് നൽകിയെന്ന പ്രചാരണവും എൻസിബി തള്ളിയിരുന്നു. ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരിൽ നിന്ന് ലഹരിമരുന്നു കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഫോൺവിളി, ചാറ്റ് എന്നിങ്ങനെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ഇവർക്കെതിരെയുള്ള തുടർനടപടികൾ തീരുമാനിക്കാൻ. ലഹരി ഇടപാടുകാരുമായി നടിമാർക്കു നേരിട്ടു ബന്ധമുള്ളതായും കണ്ടെത്തിയിട്ടില്ല. ബോളിവുഡിലെ ടാലന്റ് മാനേജ്മെന്റ് കമ്പനിയായ ‘ക്വാൻ’ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണമുണ്ടാകും.

susanth singh rajputh susanth death
Advertisment