Advertisment

സീറ്റും ,വോട്ടും റെഡി പക്ഷേ.. ; ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി മത്സരത്തിനില്ലെന്ന തീരുമാനത്തില്‍ ഉറച്ച് സുഷമ സ്വരാജ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ഏവര്‍ക്കും പ്രിയങ്കരിയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് .ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ താന്‍ മത്സരത്തിനില്ലെന്ന് അവര്‍ തീരുമാനം എടുത്തു കഴിഞ്ഞു. എങ്കിലും പാര്‍ട്ടി നിര്‍ബന്ധിച്ച് അവരെ മത്സരത്തിന് ഇറക്കുമെന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്. രാഷ്ട്രീയ രംഗത്ത് നിരവധി റെേക്കാഡുകളിട്ടിട്ടുള്ള സുഷമ ഇന്ത്യ കണ്ട ഏറ്റവും കരുത്തരായ വനിതാ രത്‌നങ്ങളില്‍ അഗ്രഗണ്യയാണ്.

Advertisment

publive-image

ഹരിയാനയില്‍ ആര്‍എസ്എസ്സുമായി ഏറെ അടുപ്പമുണ്ടായിരുന്ന കുടുംബത്തില്‍ ജനനം. അച്ഛന്റെ പൊതുജീവിതം സുഷമയെയും പൊതുജീവിതത്തിലേക്ക് ആകര്‍ഷിച്ചു. രാഷ്ട്രമീമാംസയിലും സംസ്‌കൃതത്തിലുമാണ് ബിരുദം. പഠിക്കുന്ന കാലത്തുതന്നെ മികച്ച പ്രഭാഷകയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. പിന്നെ നിയമം പഠിച്ച് അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. 73-ല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

ആര്‍എസ്എസുമായുള്ള ബന്ധം എഴുപതുകളില്‍ സുഷമയെ എബിവിപിയിലേക്ക് എത്തിച്ചു. അങ്ങനെ പൊതുജീവിതത്തില്‍ സജീവമായ അവരെ വിവാഹം കഴിച്ചത് സ്വരാജ് കൗശല്‍, സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍, ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വലംകൈ. 75-ല്‍ അടിയന്തരാവസ്ഥ സമയത്തും മറ്റും ഫെര്‍ണാണ്ടസിനുവേണ്ടി വലിയൊരു അഭിഭാഷക സംഘമാണ് രംഗത്തുണ്ടായിരുന്നത്. സുഷമയായിരുന്നു സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായി അതില്‍ എത്തി.

77-ല്‍ 25-ാം വയസില്‍ അംബാല കന്റോണ്‍മെന്റില്‍ നിന്നുള്ള എംഎല്‍എയായി. 87 മുതല്‍ 90 വരെയും എംല്‍എയായി. 77 ജൂലൈയില്‍ ദേവിലാലിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാരില്‍ സുഷമ കാബിനറ്റ് മന്ത്രിയായി, 79ല്‍ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ. അതും ചരിത്രമാണ്, 27ാമത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാകുക. പിന്നെ വന്ന ബിജെപി-ലോക്ദള്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി (87 മുതല്‍ 90 വരെ). 90ല്‍ രാജ്യസഭാംഗം. 96ല്‍ തെക്കന്‍ ദല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടല്‍ജിയുടെ പതിമൂന്നു ദിവസം മാത്രം ആയുസുണ്ടായിരുന്ന സര്‍ക്കാരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി.

രണ്ടാമൂഴത്തിലും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി. ഒപ്പം ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അധികച്ചുമതലയും. 98 ഒക്‌ടോബറില്‍ മറ്റൊരു ദൗത്യം അവരെ കാത്തിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ദല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. പക്ഷെ തൊട്ടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയെപ്പട്ടു. പാര്‍ട്ടി നിര്‍ദേശാനുസരണം എംഎല്‍എ സ്ഥാനം രാജിവച്ച് വീണ്ടും ദേശീയ നേതൃത്വത്തിലേക്ക്. സുഷമ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് ചലച്ചിത്ര നിര്‍മാണം വ്യവസായമായി പ്രഖ്യാപിച്ചത്. അതോടെയാണ് നിര്‍മാതാക്കള്‍ക്ക് ബാങ്ക് വായ്പ്പ ലഭ്യമായിത്തുടങ്ങിയത്. 99ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ സോണിയക്കെതിരെ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് സുഷമയെയാണ്. കോണ്‍ഗ്രസ് കോട്ടയില്‍ തോറ്റെങ്കിലും വെറും 12 ദിവസത്തെ പ്രചാരണം കൊണ്ട് സുഷമ പിടിച്ചത് 3,58,000 വോട്ടുകളാണ്.

2000-ല്‍ വീണ്ടും രാജ്യസഭാംഗം. വീണ്ടും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി. 2003 ജനുവരി വരെ ഈ വകുപ്പ് അലങ്കരിച്ചു. പിന്നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ, പാര്‍ലമെന്ററികാര്യ മന്ത്രിയായി. സുഷമയുടെ കാലത്താണ് ആറ് സംസ്ഥാനങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിച്ചത്. 2004ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടു. 2006 ഏപ്രിലില്‍ വീണ്ടും രാജ്യസഭയിലേക്ക്.

2009ലെ പൊതുതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ വിദിശ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചരിത്രം കുറിച്ച ജയം. എല്‍.കെ. അദ്വാനിക്കു പകരം 2009 ഡിസംബര്‍ 21ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി. 2014ലെ തെരഞ്ഞെടുപ്പില്‍ വിദിശ മണ്ഡലത്തില്‍ നിന്ന് വീണ്ടും നാലു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയം. പിന്നെ മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി.

Advertisment