Advertisment

പാതിവഴിയില്‍ ജീവിതയാത്ര മതിയാക്കി സുശാന്ത് വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം; ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ന്തായിരുന്നു സുശാന്ത് ജീവനൊടുക്കാന്‍ കാരണം ? പാതിവഴിയില്‍ യാത്ര മതിയാക്കി സുശാന്ത് സിങ് രാജ്പുത് വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും ഇന്നും ആ ചോദ്യത്തിന് ആരാധകര്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. കടുത്ത വിഷാദരോഗം സുശാന്തിനെ അലട്ടിയിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയടക്കമുള്ള ബോളിവുഡിലെ നിരവധി പ്രമുഖര്‍ അറസ്റ്റിലായതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പക്ഷേ, സുശാന്ത് വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷമായിട്ടും മരണകാരണം മാത്രം അവ്യക്തം.

2020 ജൂണ്‍ 14-ന് ആയിരുന്നു മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടെലിവിഷനിലൂടെയായിരുന്നു സുശാന്ത് താരമാകുന്നത്. 2008 മുതല്‍ ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദില്‍ ആയിരുന്നു ആദ്യ പരമ്പര. 2009 ല്‍ ആരംഭിച്ച പവിത്ര രിഷ്ത കരിയര്‍ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു.

പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചേതൻ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കായ് പോ ചെ ആയിരുന്നു' സുശാന്തിന്റെ ആദ്യ സിനിമ. 2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെട്ടു. അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാൻസ് എന്ന ചിത്രവും ഹിറ്റായി.

ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലയിലും പ്രശസ്തനാണ്. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു. ഫിലിം ഫെയര്‍, ഐഫ, പ്രൊഡ്യൂസേഴ്‍സ് ഗില്‍ഡ്, സ്റ്റാര്‍ഡസ്റ്റ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു ഈ ചിത്രങ്ങള്‍.

Advertisment