Advertisment

മാസം ഒരു ലക്ഷത്തിന് പുറത്ത് ശമ്പളം; വിദ്യാഭ്യാസ യോഗ്യതയാകട്ടെ പ്ലസ്ടുവോ ബിരുദമോ എന്ന് നിശ്ചയമില്ല; സ്വപ്‌ന സുരേഷ് 2016ല്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ നല്‍കിയ ബയോഡേറ്റയില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല; ബികോം എടുത്തത് ബികോം കോഴ്‌സില്ലാത്ത എന്‍ഐടിയില്‍ നിന്ന്!; സ്വപ്‌ന പത്താം ക്ലാസ് പാസായതായി പോലും തനിക്ക് അറിവില്ലെന്ന് മൂത്ത സഹോദരന്റെ വെളിപ്പെടുത്തല്‍!!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ദുബായ് കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കുറിച്ച് പുതിയ വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് പദ്ധതിയിൽ പ്രോജക്ട് കൺസൾട്ടന്റായാണ് സ്വപ്ന കരാർ നിയമനം നേടിയത്. മാസം ഒരുലക്ഷത്തിന് പുറത്താണ് ശമ്പളം. എന്നാൽ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യക്തതയില്ല.

Advertisment

publive-image

സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൽട്ടന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016ൽ തൊഴിൽ പോർട്ടലുകളിൽ നൽകിയ ബയോഡേറ്റയിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്സുകൾ ചെയ്തത് എവിടെ നിന്നാണെന്നും വ്യക്തമല്ല. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റിൽ നൽകിയിരിക്കുന്നത്.

അതേസമയം, തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സില്ലാത്ത ജലന്തർ ഡോ. ബി ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്. ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്പേസ് പാർക്കിലെ ശമ്പളം. എയർ ഇന്ത്യ സാറ്റ്സിലായിരുന്നപ്പോൾ 25,000 രൂപയായിരുന്നു ശമ്പളം.

സ്വപ്ന പത്താം ക്ലാസ് പാസായതായി അറിയില്ലെന്നാണ് സ്വപ്ന സുരേഷിന്റെ അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറയുന്നത്. ഈ വെളിപ്പെടുത്തൽ കൂടി വന്നതോടെ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും സംശയം ഉയരുകയാണ്.

വ്യാജരേഖകൾ ഉപയോഗിച്ചാണോ ഉന്നത ജോലികൾ നേടിയത് എന്ന സംശയമാണ് ഉയരുന്നത്. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ കൺസൾട്ടന്റായി ഒരു ലക്ഷത്തിന് മുകളിലുള്ള ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

latest news swapna suresh gold smuggling tvm gold smuggling case all news
Advertisment