ഓക്കാനം വരുന്നു; പി.സി ജോര്‍ജിനെതിരെ സ്വര ഭാസ്‌കര്‍; ട്വീറ്റിന് അധിക്ഷേപവുമായി സംവിധായകന്‍

ഫിലിം ഡസ്ക്
Tuesday, September 11, 2018

മുംബൈ: തന്റെ നിലപാടുകള്‍കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയയായ നടിയാണ് സ്വര ഭാസ്‌കര്‍. മീ ടു കാംപെയിന്റെ ഭാഗമായി നടി നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമകളില്‍ കിടക്ക പങ്കിടാന്‍ പലരും വിളിച്ചു, തയ്യാറാകാതിരുന്നതോടെ പല വേഷങ്ങളും നഷ്ടപ്പെട്ടുവെന്നും സ്വര പറഞ്ഞിരുന്നു.

ഇപ്പോള്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെയും സ്വര ഭാസ്‌കര്‍ ശബ്ദം ഉയര്‍ത്തിയിരിക്കുകയാണ്. എംഎല്‍എ പറഞ്ഞത് തീര്‍ത്തും അരോചകമാണെന്നും ലജ്ജിപ്പിക്കുന്നുവെന്നും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രൂവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഓക്കാനം വരുന്നുവെന്നുമായിരുന്നു സ്വരയുടെ പ്രതികരണം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സ്വരയുടെ പ്രതികരണം.

എന്നാല്‍ സ്വരയുടെ ട്വീറ്റിന് പിന്നാലെ നടിയെ അധിക്ഷേപിച്ച് സംവിധായകനും ബി.ജെ.പി അനുകൂലിയുമായ വിവേക് അഹഗ്നിഹോത്രിയും രംഗത്തെത്തി. മീ ടു പ്രോസ്റ്റിറ്റിയൂട്ട് എന്ന പ്ലക്കാര്‍ഡ് എവിടെ എന്നായിരുന്നു അഗ്നിഹോത്രിയുടെ ട്വീറ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പലരും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ട്വിറ്റര്‍ അധികൃതര്‍ ഇടപെട്ട് ട്വീറ്റ് പിന്‍വലിച്ചു.

×