Advertisment

കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ സംഗീതനിശ രാജ്യതലസ്ഥാനത്ത് നടത്താനൊരുങ്ങി ദല്‍ഹി സര്‍ക്കാര്‍;ദല്‍ഹിയില്‍ എവിടെ പരിപാടി അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്ന് കൃഷ്ണ

New Update

Advertisment

ഭീഷണിയെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാറ്റിവെച്ച കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ സംഗീതനിശ രാജ്യതലസ്ഥാനത്ത് നടത്താനൊരുങ്ങി ദല്‍ഹി സര്‍ക്കാര്‍. ഇക്കാര്യമാവശ്യപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ടി.എം കൃഷ്ണയുമായി ബന്ധപ്പെട്ടു.

ടി.എം കൃഷ്ണയുടെ സംഗീതനിശ സംഘടിപ്പിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ദല്‍ഹിയില്‍ നടത്തേണ്ടിയിരുന്ന തന്റെ സംഗീത പരിപാടി മാറ്റിവെച്ചതില്‍ പ്രതികരണവുമായി കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ രംഗത്തെത്തി.

ഇത്തരം ഭീഷണികള്‍ക്ക് നമ്മള്‍ കീഴ്പ്പെടരുതെന്നും ദല്‍ഹിയില്‍ എവിടെ പരിപാടി അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നും കൃഷ്ണ പറഞ്ഞു.

നവംബര്‍ 17, 18 തിയതികളിലായി ദല്‍ഹി ചാണക്യപുരിയിലെ നെഹ്‌റു പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് അധികൃതര്‍ പിന്‍വാങ്ങിയത്. കൃഷ്ണയ്ക്കെതിരെ ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവന്‍, ‘ഇന്ത്യാവിരുദ്ധന്‍’, ‘അര്‍ബന്‍ നക്‌സല്‍’, എന്നിങ്ങനെ അഭിസംബോധന ചെയ്ത് സംഘപരിവാര്‍ ഓണ്‍ലൈന്‍ പ്രചരണം നടത്തിയിരുന്നു. പരിപാടിക്കെതിരെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സുരേഷ് പ്രഭു എന്നിവരെയെല്ലാം ടാഗ് ചെയ്താണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം നടത്തിയിരുന്നത്.

Advertisment