പുരസ്‌കാരങ്ങള്‍ക്കുവേണ്ടി എഴുത്തുകാര്‍ വൃത്തികെട്ട കളികള്‍ കളിക്കുന്നു. പലരുടെയും കഥകള്‍ വായിച്ചാല്‍ മനസ്സിലാവില്ല. അവരുടെ പേര് പറയാത്തത് തന്തയ്ക്ക് വിളി ഭയന്ന് – തുറന്നടിച്ച്‌ ടി പത്മനാഭന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, January 9, 2018

കോഴിക്കോട്: പല കുറുക്കുവഴികളിലൂടെയും പോയിട്ടാണ് എഴുത്തുകാരില്‍ പലരും ഇന്ന് അവാര്‍ഡ് നേടിയെടുക്കുന്നതെന്ന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍. പുരസ്‌കാരങ്ങള്‍ക്കുവേണ്ടി വൃത്തികെട്ട കളികള്‍ മുമ്പുമുണ്ടായിരുന്നു.  ചുറ്റുമുള്ള എഴുത്തുകാരുടെ ആര്‍ത്തി കണ്ടാണ് താന്‍ ഇടക്കാലത്ത് എഴുത്ത് നിര്‍ത്തിയത്.  ഇന്നും എഴുത്തുകാര്‍ക്ക് ആര്‍ത്തിയുണ്ട്.

ഈ അടുത്തകാലത്ത് പുരസ്‌കാരങ്ങളുടെ രാഷ്ട്രീയം കൂടി ചര്‍ച്ചയാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രമുഖ ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തുറന്നടിച്ചത് .

എംടി വാസുദേവന്‍ നായര്‍ ജാതി വാദിയോ മുസ്ലിം വിരുദ്ധനോ അല്ല. എംടി വാസുദേവന്‍ നായരുമായി ഒട്ടേറെ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുള്ള ആളാണ് ഞാന്‍. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനുമായിരുന്നില്ല.

എന്നാല്‍ സത്യസന്ധമായിട്ടു പറയാം, എംടി ഒരു നായര്‍ ജാതി വാദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എംടിയെ ജാതിവാദിയായി, മുസ്ലിം വിരുദ്ധനായി ആരും അവതരിപ്പിക്കരുത്. ഇത്തരം ബാലിശമായ പ്രവണതകള്‍ മുളിയിലേ നുള്ളണമെന്നും  ടി.പത്മനാഭന്‍ പറയുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് രാഷ്ട്രീയ വിയോജിപ്പുകളാല്‍ പലരും വേണ്ടെന്നുവെച്ചിട്ടുണ്ട്. ചിലരത് കാത്തിരുന്നതുപോലെ രണ്ടുകൈയ്യും നീട്ടി വാങ്ങുന്നു. സംഘപരിവാറിനെതിരെ എഴുത്തുകാര്‍ ശക്തമായി പ്രതിരോധം തീര്‍ക്കേണ്ട കാലമാണ്. കേരളത്തിലെ എഴുത്തുകാര്‍ക്ക് എത്രമാത്രം സംഘവിരുദ്ധബോധമുണ്ട്?- ടി. പത്മനാഭന്‍ ചോദിക്കുന്നു.

പുതിയ എഴുത്തുകാരില്‍  പലരുടെയും കഥകള്‍ വായിച്ചാല്‍ എനിക്ക് മനസ്സിലാവില്ല. ആരുടെയും പേര് പറയുന്നില്ല . ഇനി അവരും ആരാധകരും വന്ന് എന്റെ തന്തയ്ക്ക് പറയേണ്ട. ഒരു ഇരുമ്പുകൂടമെടുത്ത് മൂര്‍ധാവില്‍ അടിക്കുന്നതുപോലെയാണ് പല പുതിയ എഴുത്തുകാരുടെയും കഥകള്‍. എന്നാല്‍ എല്ലാവരുടേതും അങ്ങനെയല്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

×