Advertisment

എല്‍.ഡി.എഫ് ആക്രമം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ: അഡ്വ. ടി. സിദ്ദീഖ്

New Update

publive-image

Advertisment

വയനാട്: യുനൈറ്റഡ് ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് മാടായിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ ഇടതുസ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്ന തിരക്കഥയാണെന്ന് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ്. തോല്‍വി ഉറപ്പിച്ചതോടെ എല്‍.ഡി.എഫ് വ്യക്തിഹത്യയും ആക്രമരാഷ്ട്രീയവും നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ദീഖ്. റോഡ് ഷോക്കിടെ യു.ഡി.എഫ് യോഗത്തിലേക്ക് കടന്നുകയറിയായിരുന്നു ഇടതു ആക്രമണം. ജനറേറ്റര്‍ ഓഫാക്കി, ലത്തീഫ് മാടായിയെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയോട് അടുപ്പമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാത്ത പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ നടത്തുന്ന ഹീനരാഷ്ട്രീയമാണിതെന്ന് യുഡിഎഫ് ആരോപിച്ചു.

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെ ഇടതുമുന്നണി നടത്തിയത് റോഡ് ഷോയല്ല, കറന്‍സി ഷോയാണെന്ന് കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് മേല്‍ പണാധിപത്യം മേല്‍ക്കൈ നേടുന്നതാണ് കല്‍പ്പറ്റയില്‍ കണ്ടത്. പണാധിപത്യം ഉപയോഗിച്ച് ജനഹിതത്തെ അട്ടിമറിക്കാനുള്ള ഇടതുശ്രമം കല്‍പ്പറ്റയിലെ പൊതുബോധം അംഗീകരിക്കില്ല. പണക്കൊഴുപ്പിന്റെ ഹുങ്കില്‍ ആക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനാണ് ഇടതുശ്രമം.

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മണ്ഡലത്തില്‍ ഇത്രയധികം ലക്ഷങ്ങള്‍ പൊടിച്ച് റോഡ് ഷോ നടത്തുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. കര്‍ണാടക ഉള്‍പ്പെടെയുള്ള അല്‍സംസംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ദുരിതമുണ്ടാവില്ലെന്ന് ഭരണകൂടത്തെ കണ്ട് ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, കണ്‍വീനര്‍ അഡ്വ.ടി.ജെ ഐസക്, പ്രവീണ്‍ തങ്കപ്പന്‍, സി. അബ്ദുല്‍ അസീസ്, സി. മൊയ്തീന്‍കുട്ടി, പി.പി ആലി സംബന്ധിച്ചു.

Advertisment