Advertisment

ഓർക്കുന്നുവോ വിചിത്രമായ ഈ കർഷകസമരം ?

New Update

publive-image

Advertisment

2017 മാർച്ച് മാസം തുടങ്ങി മെയ് 25 വരെ തമിഴ്‌നാട്ടിൽനിന്നുള്ള 100 കർഷകർ അടങ്ങിയ സംഘം ന്യൂ ഡൽഹിയിലെ ജന്തർ മന്ദറിൽ നടത്തിയ 41 ദിവസത്തെ വളരെ വേറിട്ടതും വിചിത്രമായതുമായ സമരം ഒടുവിൽ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. അന്ന് വളരെയേറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സമരമായിരുന്നു അത്.

publive-image

സമരക്കാർ കഴുത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികൾ മാലപോലെ തൂക്കി, നീലനിറത്തിൽ കൈലിയുടുത്ത്, തലമുടിയും മീശയും പകുതിവടിച്ച്‌, മൂത്രപാനവും, എലികളെ ഭക്ഷിച്ചും, പച്ചപ്പുല്ല് ചവച്ചുതിന്നും തറയിൽ ഭക്ഷണം വിളമ്പിയും, ഇലകൾ കൊണ്ടുള്ള വസ്ത്രം ധരിച്ചും ജനശ്രദ്ധ പിടിച്ചുപറ്റിയ സമരം പക്ഷേ കേന്ദ്രസർക്കാർ കണ്ടതായി നടിച്ചതേയില്ല.

publive-image

നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്‍റല്‍ലിങ്കിംഗ് അസോസിയേഷന്‍ (National South Indian River Interlinking Association) എന്ന കർഷകസംഘടനയുടെ സ്ഥാപകനേതാവ് അയ്യാക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു ആ സമരം അരങ്ങേറിയത്.

publive-image

തമിഴ്‌നാട്ടിൽ കൃഷിക്ക് മതിയായ വെള്ളം ലഭിക്കുന്നില്ല, കൃഷി നശിച്ചു കടക്കെണിയിലായ കർഷകരുടെ 5 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുക, പുതിയ ലോൺ അനുവദിക്കുക, കടം കയറി ആത്മഹത്യചെയ്ത 400 തമിഴ് കർഷകരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

publive-image

ഈ സമരത്തിന് ജന പിന്തുണയില്ലെന്നും സമരനേതാവ് അയ്യാക്കണ്ണ് വലിയ ധനാഢ്യനാണെന്നുമായിരുന്നു അന്ന് സർക്കാർ നിലപാട്. ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാമെന്ന തമിഴ് നാട് മുഖ്യമന്ത്രി പഴനിസ്വാമിയുടെ നേരിട്ടുള്ള ഉറപ്പിന്മേലാണ് 2017 മെയ് 25 ന് സമരം അവസാനിപ്പിച്ച് എല്ലാവരും ചെന്നൈക്ക് മടങ്ങിയത്. പിന്നീടവർ അത്തരമൊരു സമരത്തിന് ഇതുവരെ മുതിർന്നിട്ടില്ല.

publive-image

ഇവരുടെ മറ്റൊരു പ്രധാന ആവശ്യം നദീജലസംയോജനമാണ്. കേരളത്തിലെ അച്ചൻകോവിൽ, പമ്പാ ഉൾപ്പെടെയുള്ള നദികളെ തമിഴ്നാട്ടിലെ നദികളും അണക്കെട്ടുകളുമായി സംയോജിപ്പിച്ച് അവിടുത്തെ ജലക്ഷാമം പരിഹരിക്കുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്.

publive-image

അന്ന് ഇവരുടെ സമരത്തിന് പഞ്ചാബിൽനിന്നുള്ള ഒരുപറ്റം കർഷകർ പിന്തുണ നൽകിയിരുന്നു. അവർ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഡൽഹി സമരവേദിയിൽ പലതവണ വരുകയും ചെയ്തു.

publive-image

ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന പഞ്ചാബ് - ഹരിയാന കർഷകരുടെ സമരത്തിൽ പങ്കെടുക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ, സമരത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് തമിഴ്‌നാട്ടിൽ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടത്തുകയുണ്ടായെന്നും ഡൽഹിയിലെ കൊടും തണുപ്പ് അസഹനീയമായതിനാലാണ് തങ്ങൾ അവിടേക്കു പോകാത്തതെന്നുമാണ് കർഷകനേതാവ് അയ്യാക്കണ്ണു പറഞ്ഞത്.

voices
Advertisment