Advertisment

'ടീം രാഹുൽ' പരാജയം തന്നെ ! രാഹുലിൻ്റെ ടീം അംഗങ്ങളിൽ ഭൂരിഭാഗവും ബിജെപിയിൽ എത്തിക്കഴിഞ്ഞു. കോൺഗ്രസിൽ വേണ്ടത് തലമുറ മാറ്റമല്ല; തലമാറ്റം തന്നെ. പുതിയ അധ്യക്ഷനെ ഉടൻ നിശ്ചയിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ രംഗത്ത്. നേതാക്കൾ പാർട്ടി വിടുന്നത് കോൺഗ്രസിന് ഉടനെങ്ങും ഒരു തിരിച്ചുവരവ് ഇല്ലെന്ന ഉറപ്പിൽ തന്നെ ! വിമർശകരെ ബിജെപി ഏജൻ്റുമാരാക്കുന്ന പെട്ടിയെടുപ്പു നേതാക്കൾ ഇന്നും കോൺഗ്രസിൻ്റെ ശാപം തന്നെ !

New Update

publive-image

Advertisment

ഡൽഹി: നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് തുടരുമ്പോഴും പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനോ യോഗങ്ങൾ നടത്താനോ തയ്യാറാകാതെ കോൺഗ്രസ്. ഇപ്പോഴും പരാജയപ്പെട 'ടീം രാഹുലി'നെ ആശ്രയിക്കുന്നതാണ് കോൺഗ്രസ് നേരിടുന്ന പരാജയം. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ നിസംഗത കോൺഗ്രസിന് തിരിച്ചടിയാകും.

2014ൽ രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കുന്ന കാലത്ത് പാർട്ടി യുവനിരയെ കൂടുതലായി പ്രാധാന്യം നൽകിയിരുന്നു. അക്കാലത്ത് പല യുവാക്കൾക്കും ലോക്സഭയിലേക്ക് സീറ്റും നൽകി. ചിലരൊക്കെ ജയിച്ചെങ്കിലും ചിലർ തോറ്റു.

ഈ യുവ നേതാക്കൾ ടീം രാഹുലിൻ്റെ ഭാഗമായി. ആദ്യകാലത്ത് വലിയ പ്രാധാന്യമാണ് ഇവർക്ക് പാർട്ടിയിൽ കിട്ടിയത്. ഇതോടെ മുതിർന്ന നേതാക്കൾ അകന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഈ നേതാക്കളെല്ലാം ബിജെപിയിലെത്തി.

ഒടുവിൽ രാഹുലിൻ്റെ വിശ്വസ്തനായിരുന്ന ജിതേന്ദ്ര പ്രസാദയും ആ വഴിയിലെത്തി. കോൺഗ്രസിനൊപ്പം നിന്നാൽ അടുത്ത കാലത്തൊന്നും യുപിയിൽ ഒരു സീറ്റിൽ ജയിക്കാനാവില്ലെന്ന തിരിച്ചറിവാണ് ജിതേന്ദ്രയെ പാർട്ടി വിടുന്നതിലേക്ക് എത്തിച്ചത്. യു പിയിലെ കോൺഗ്രസിൻ്റെ മുഖമായ പ്രസാദ പാർട്ടി വിട്ടത് കോൺഗ്രസിൻ്റെ ചെറിയൊരു സാധ്യതകളെ പോലും ഇല്ലാതാക്കിയിട്ടുണ്ട്.

ഉടനെങ്ങും ഒരു എംഎൽഎ പോലും യുപിയിൽ കോൺഗ്രസിന് ഉണ്ടാകില്ല എന്നതിൻ്റെ സൂചനയായി തന്നെ പ്രസാദയുടെ കൂടുമാറ്റത്തെ കാണാം. രാഹുൽക്യാമ്പിലെ മറ്റു നേതാക്കളും ജിതിൻ പ്രസാദയുടെ വഴിയെ തന്നെയാണ്. അതിനിടെ സച്ചിന്‍ പൈലറ്റും പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സുചന.

ടീം രാഹുൽ പരാജയമാണെന്നു തെളിഞ്ഞതോടെ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും വിമർശനവുമായി ഇപ്പോൾ എത്തുന്നുണ്ട്. ജി 23 ഗ്രൂപ്പ് നേതാക്കൾ കടുത്ത ഭാഷയിലാണ് കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കുന്നത്. കോൺഗ്രസിന് തലമുറ മാറ്റമല്ല, തല മാറ്റം തന്നെ കോൺഗ്രസിന് വേണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.

പാർട്ടിയെ നന്നാക്കാൻ പുതിയ അധ്യക്ഷനെ തന്നെ നിശ്ചയിക്കണമെന്നാണ് വിമർശകരുടെ ആവശ്യം. അതല്ലങ്കിൽ പാർട്ടി തകരുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വിമർശകരെ ബിജെപി ഏജൻ്റുമാരെന്ന് മുദ്രകുത്തി മാറ്റി നിർത്താനാണ് കോൺഗ്രസിലെ ചില വാർ റൂം നേതാക്കളുടെ നീക്കം.

congress delhi news
Advertisment