ഇസ്രയേലി മെസേജിങ് ആപ്പായ റെഡ്കിക്‌സിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു

Monday, July 30, 2018

ഇസ്രയേലി മെസേജിങ് ആപ്പായ റെഡ്കിക്‌സിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു. ഫെയ്‌സ്ബുക്കിന്റെ ഉപകമ്പനിയായ വര്‍ക്ക്‌പ്ലേസിനൊപ്പം ചേര്‍ന്നായിരിക്കും ഇനി റെഡ്കിക്‌സ് പ്രവര്‍ത്തിക്കുക. 2016-ലാണ് ഫെയ്‌സ്ബുക്ക് വര്‍ക്ക്‌പ്ലേസ് ആരംഭിച്ചത്.

എന്നാല്‍, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല. അതേസമയം, എകദേശം 685 കോടി രൂപയുടെ ഇടപാടാണിതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സഹപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനും മറ്റുമായി ആഗോളതലത്തില്‍ തന്നെ ഏകദേശം 30,000 കമ്പനികളാണ് ഫെയ്‌സ്ബുക്കിന്റെ വര്‍ക്ക് പ്ലേസിനെ ഉപയോഗിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വക്താവ് അവകാശപ്പെടുന്നത്.

ആളുകളെ കൂടുതല്‍ അടുപ്പിക്കുകയെന്നതാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യമെന്ന് റെഡ്കിക്‌സിന്റെ സ്ഥാപകരായ ഓഡിയും റോയി ആന്റേബിയും കമ്പനി വെബ്‌സൈറ്റില്‍ കുറിച്ചു. ഈ ധര്‍മം കൂടുതലായി നിര്‍വഹിക്കുന്നത് വര്‍ക്ക് പ്ലെയ്‌സ് ആണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

20 മില്ല്യണ്‍ ഡോളര്‍ മൂലധന നിക്ഷേപമുള്ള സ്ഥാപനമായിരുന്നു റെഡ്കിക്‌സ്.

×