പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് ആപ്പിൾ

ടെക് ഡസ്ക്
Friday, December 29, 2017

പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി.

‘നിങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഐഫോൺ ഉപയോഗിക്കാൻ കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ‌മറ്റു കമ്പനികളേക്കാളും ഐഫോണിന്റെ ഉപയോഗ കാലാവധി നീണ്ടുനിൽക്കുന്നതിൽ അഭിമാനമുണ്ട്.’– ആപ്പിളിന്റെ ഔദ്യോഗിക വെബ് സൈറ്റിലിട്ട സന്ദേശത്തിൽ അധികൃതർ വ്യക്തമാക്കി.

ഐഫോൺ ഉപഭോക്താക്കളിൽനിന്ന് നിരന്തരം പരാതി ഉയർന്നതും ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതുമാണ് ഇപ്പോൾ ഇത്തരമൊരു നീക്കത്തിനു കാരണം.

ബാറ്ററി മാറ്റിവയ്ക്കാൻ ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 6 മുതൽ ഉപയോഗിക്കുന്നവർക്ക് 29 ഡോളറിന് ബാറ്ററി മാറ്റിവാങ്ങാം. നിലവിൽ‍ 79 ഡോളറാണ് ബാറ്ററിയുടെ വില. ഉപഭോക്താക്കളെ സഹായിക്കുന്ന വിധത്തിൽ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃ‍തർ അറിയിച്ചു.

×