ജിയോഫോണില്‍ ഇനി വാട്‌സ്‌ആപ്പും ലഭിക്കും

ടെക് ഡസ്ക്
Wednesday, September 12, 2018

റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണായ ജിയോഫോണില്‍ ഇനി വാട്‌സ്‌ആപ്പ് സൗകര്യവും. ഫീച്ചര്‍ ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ വാട്‌സ്‌ആപ്പ് ഒരുക്കിയതോടെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്. ജിയോഫോണിലെ വാട്‌സ്‌ആപ്പും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനോടെയാണ് എത്തുന്നത്.

സാധാരണ വാട്‌സ്‌ആപ്പ് പോലെ സന്ദേശങ്ങളും, ചിത്രങ്ങളും, വീഡിയോയും, അയയ്ക്കാനും, ശബ്ദസന്ദേശങ്ങള്‍ക്കും ഈ വേര്‍ഷന്‍ ഉപകരിക്കും. ജിയോഫോണ്‍ ആപ്പ് സ്റ്റോറില്‍ സെപ്റ്റംബര്‍ 10 മുതല്‍ ലഭ്യമായ വാട്‌സ്‌ആപ്പ് സെപ്റ്റംബര്‍ 20 മുതല്‍ എല്ലാ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാം. ജിയോ ആപ്പ്‌സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് സേവനം ഉപയോഗിക്കേണ്ടത്.

ഇന്ത്യയില്‍ വാട്‌സ്‌ആപ്പ് പ്രൈവറ്റ് മെസേജിംഗ് ജിയോഫോണില്‍ ലഭ്യമാക്കുകയാണെന്ന് വാട്‌സ്‌ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയല്‍സ് വ്യക്തമാക്കി. ഫീച്ചര്‍ ഫോണുകളിലും സേവനം ലഭ്യമാക്കി കൂടുതല്‍ പേരിലേക്ക് ആപ്പ് എത്തുമെന്നതാണ് സവിശേഷത.

×