Advertisment

വായനയുടെ പൂക്കാലമായി തച്ചമ്പാറ ദേശീയ ഗ്രന്ഥശാല വായന പക്ഷാചരണം  സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

തച്ചമ്പാറ:പി.എൻ.പണിക്കർ അനുസ്മരണ ദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് ജന്മദിനമായ ജൂലൈ 7 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് തച്ചമ്പാറദേശീയ ഗ്രന്ഥശാല നടത്തിയ വായനയുടെ വസന്തോത്സവം ശ്രദ്ധേയമായി.രാജ്യത്തിനകത്തും പുറത്തും ഉള്ള നാനാതുറകളിലുള്ള പ്രഗത്ഭർ ഈ പരിപാടികളിൽ പങ്കെടുത്തു. ജനപ്രതിനിധികൾ, കൗൺസിൽ ഭാരവാഹികൾ, സാഹിത്യകാരന്മാർ, സാമൂഹ്യ സാംസ്കാരിക രാഷട്രീയ പ്രവർത്തകർ സർവ്വോപരി അക്ഷര സ്നേഹികളായ അസ്വാദകർ പലപ്പോഴായി പരിപാടികളിൽ പങ്കെടുത്തു.

പി.എൻ.പണിക്കർ അനുസ്മരണം സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം. ഉണ്ണിക്കൃഷ്ണൻ,പ്രവീൺ കുമാർ ,എം.എൻ.രാമകൃഷ്ണപിള്ള, ചന്ദ്രൻ തച്ചമ്പാറ തുടങ്ങിയവർ സംസാരിച്ചു. ശിവലിംഗന്റെ കവിത അലീന അവതരിപ്പിച്ചു. കൂടാതെ എസ്. രമേശൻ നായർ അനുസ്മരണവും ഗാനാർച്ചനയും നടന്നു. ഡോ.വി.എസ്.സുനിൽ രാജ് ,ഗീത,വൽസ കുമാർ, ഷംസുദ്ദീൻ,നാദിയ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.

പെരുമാൾ മുരുകന്റെ പൂനാച്ചി എന്ന നോവൽ ശ്രീജിത്ത് പരിചയപ്പെടുത്തി. എസ്.എസ്.എൽ.സി.ക്ക് ശേഷം എന്ത് എന്ന വിഷയത്തിൽ ശിവപ്രകാശ്,അഡ്വ.പി.സി.മാണി, അഡ്വ.അഞ്ജല എന്നിവർ സംസാരിച്ചു.ആർ.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ പരിചയപ്പെടുത്തി. ജി.ശങ്കരപ്പിള്ള അനുസ്മരണം കൗൺസിൽ ജില്ലാ സെക്രട്ടറി പി.മോഹനൻ നടത്തി. മത്തായി മാച്ചാംതോട് ,സജി, ജയനാരായണൻ, ശരത് ബാബു എന്നിവർ സംസാരിച്ചു.തച്ചമ്പാറ ക്കാരുടെ നാടകാനുഭവങ്ങൾ പങ്കുവെച്ചു.പൂവച്ചൽ ഖാദർ,ഉബൈദുള്ള എടായ്ക്കൽ എന്നിവരെ അനുസ്മരിച്ചു.

അഷിതയുടെ മയിൽപ്പീലിസ്പർശം എന്ന പുസ്തകം സനുഷ പരിചയപ്പെടുത്തി. ബാലവേദി അംഗങ്ങൾ തങ്ങളുടെ വായനക്കുറിപ്പുകൾ അവതരിപിച്ചു. ഒരു കുടുംബത്തിലെ അച്ഛനും അമ്മയും രണ്ടു കുട്ടികളടക്കം നാല് പേർ നാല് പുസ്തകങ്ങൾ പരിചയപ്പെടുത്തിയത് പുതുമയുള്ള പരിപാടിയായി മാറി. സോഹൻലാലിന്റെ അമ്മ മരം ഒ.അൽമാസും ഡോ. പി.കെ നാരായണന്റെ വിമോചനം നോവൽ ഒ.അജ്നാസും ഒ.വി.വിജയന്റെ ഗുരുസാഗരം റഹ്മാനിയ നൗഷാദും ആനന്ദിന്റെ വിഷ്ണു ഒ.നൗഷാദും പരിചയപ്പെടുത്തി. എൻ.എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തീനിയ അമന്റ അവതരിപ്പിച്ചു.എം.ടി.യുടെ മഞ്ഞ് എന്ന പുസ്തകം വീപിൽ ദാസാണ് പരിചയപ്പെടുത്തിയത്.തുടർന്ന് പാറശ്ശാല പൊന്നമ്മാൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഡോ.വി.എസ്.സുനിൽ രാജ്, വൽസ കുമാർ,ഗീത, സനോജ്, നാദിയ, റിയോണ എന്നിവർ ഗാനങ്ങളാലപിച്ചു.

ദക്ഷിണാഫ്രിക്കൻ എഴുത്തുകാരന്റെ നോവൽ ആഷ്ബൽ സനേഷ് പരിചയപ്പെടുത്തി.

സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലയെക്കുറിച്ച് ശോഭ സംസാരിച്ചു.സുഭാഷ് ചന്ദൻ തന്നെ നേരിട്ട് സംവദിക്കുകയും ചെയ്തു.റെയ്ഹാന യുടെ കവിത ഫിദ ഫാത്തിമ, ജിതിൻ എന്നിവർ ആലപിച്ചു. ബാലവേദി കൂട്ടുകാർ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ടോണിയുടെ ഹാഷ് ടാഗ് കവിതകൾ ജിസ്സ ജോമോൻ അവതരിപ്പിച്ചു.കവി നേരിട്ട് തന്റെ കാവ്യസഞ്ചാരത്തെക്കറിച്ച് സംവദിച്ചു. അദ്ദേഹം വായനശാലക്ക് സമ്മാനിച്ച പുസ്തകം കെ. ഹരിദാസൻ ഏറ്റുവാങ്ങി. കണ്ണൻ കവിത ആലപിച്ചു. ശിവദാസൻ പൊൻകുന്നം വർക്കി അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ കഥകൾ ചർച്ച ചെയ്തു.ഷിനി ലാലിന്റെ സമ്പർക്ക ക്രാന്തി മനോജ് വീട്ടിക്കാട് അവതരിപ്പിച്ചു. ഷിനിലാൽ നേരിട്ട് സംവദിച്ചു.അനഘശ്രീ കവിതയാലപിച്ചു.സാഹിത്യകാരനായ രജിത് മുടപ്പല്ലൂർ സി.ഗണേഷിന്റെ ഉറുമ്പു ദേശത്തെക്കുറിച്ചും ബിനോയ് ഉറൂബിന്റെ ഉമ്മാച്ചുവിനെക്കുറിച്ചും സംസാരിച്ചു.

ഒ.വി വിജയന്റെ കാറ്റ് പറഞ്ഞ കഥ അവതരിപ്പിച്ചു. സുരേഷ് ഇതിഹാസ പുനർവായനകളാണ് അവതരിപിച്ചത്. ഡോ.വി.എസ്.സുനിൽ രാജിന്റെ നേതൃത്വത്തിൽ പാട്ടുകൂട്ടം അരങ്ങേറി. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ആന്റണി ഈസ്റ്റ്മാനെ അനുസ്മരിച്ചു. സാംബശിവൻ അനുസ്മരണമാണ് നടന്നത്. കെ.കെ.രാജൻ അനുസരണ പ്രഭാഷണം നടത്തി. ഡോ.വി.എസ്.സുനിൽ രാജ്, ശരത് ബാബു എന്നിവർ സംസാരിച്ചു.

വൈഗ,ഹന അസീസ്, ഡോണ എന്നീ കുട്ടികൾ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. പി.മോഹനൻ കഥാപ്രസംഗ ഓർമ്മകളുമായെത്തി.പുതിയ അതിഥിയായ രവി മങ്കത്തായ പാബ്ലോ നെരൂദയുടെ കവിതകൾ പരിചയപ്പെടുത്തി. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഗീത സോജാ എന്ന ഗാനവുമായി ആരംഭിച്ചു.നജീന നാസർ, പ്രജിലചന്ദ്രൻ ,രാജേഷ് വാഴമണ്ണ്, ഗ്രേസി.എ.ജെ എന്നിവർ ബഷീറിനെക്കുറിച്ച് സംസാരിച്ചു. ബഷീറുമായുള്ള അഭിമുഖത്തിന്റെ ഓഡിയോ എന്റെ നാരായണിക്ക് എന്ന ഹൃസ്വ സിനിമ എന്നിവ ശ്രോതാക്കളിലെത്തിച്ചു.

ബെന്യാമിന്റെ കൃതികളെക്കുറിച്ചായിരുന്നു ചർച്ച. സി.കെ.ജയശ്രീ ആട്ജീവിതത്തെ പരിചയപ്പെടുത്തി. പ്രസീത ,അനന്യ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ബെന്യാമിൻ നേരിട്ട് സംവദിച്ചു.ജൂലൈ 7 ന് സമാപനത്തിൽ ഐ.വി.ദാസ് അനുസ്മരണം നടത്തിയത് പവിത്രൻ മൊകേരിയാണ്. ദാസൻ മാഷുടെ ജീവചരിത്രത്തിന്റെ രചയിതാവും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമാണ് അദ്ദേഹം. കവി പി.രാമന്റെ കാവ്യലോകത്തെക്കുറിച്ച് സന്തോഷ് സംസാരിച്ചു. പവിത്രൻ മൊകേരിയും രാമനും നേരിട്ട് സംവദിച്ചു. ഇതോടെ 19 ദിവസം നീണ്ടു നിന്ന വായനയും ആസ്വാദനവും വേറിട്ട അനുഭവവും മാതൃകയുമായി.

Advertisment