Advertisment

ലഹരി വില്‍പ്പന ചോദ്യം ചെയ്ത സി പി എം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍, പാര്‍ട്ടി വീണ്ടും പ്രതിരോധത്തില്‍, കൊലപാതകം സി പി എമ്മിനുള്ളിലെ കുടുംബവഴക്കെന്ന് കെ സുധാകരന്‍

New Update

publive-image

Advertisment

തലശ്ശേരി; ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ട് സി പി എം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന കണ്ടെത്തല്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നു. കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ഇയാള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സി പി എം പ്രതിരോധത്തിലായത്.

പാറായി ബാബുവിന്റെ സംഘത്തിലെ ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരായ നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനായി ഷമീര്‍ (40) എന്നിവര്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിട്ടൂര്‍ സാറാസില്‍ ഷാനിബ് (29) ചികിത്സയിലാണ്.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനടക്കമുള്ളവര്‍ സി പി എമ്മിന്റെ ഇരട്ടമുഖത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടി അംഗം കൂടിയായ ഒരാള്‍ കൊല്ലപ്പെട്ടിട്ടുപോലും പ്രതികരിക്കാതെ ഫുട്ബോള്‍ ലോകകപ്പ് പോസ്റ്റുകള്‍ ഇട്ട് ആഘോഷിക്കുന്ന സിപിഎം നേതാക്കളെ കണ്ടപ്പോള്‍ തന്നെ ഈ കൊലപാതകം സിപിഎമ്മിനുള്ളിലെ കുടുംബ വഴക്ക് ആണെന്ന് പലര്‍ക്കും സംശയം തോന്നിയിരുന്നുവെന്നാണ് സുധാകരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇപ്പോള്‍ ഇരിട്ടിയില്‍ നിന്നും മുഖ്യപ്രതി പാറായി ബാബുവിനെ പോലീസ് പിടിച്ചതോടെ ആ സംശയം സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. സിപിഎം ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ വരെ പങ്കെടുത്ത ആളാണ് പാറായി ബാബു എന്ന് മാധ്യമങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും സുധാകരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Advertisment