ലോക്‌സഭാ തെരഞ്ഞെടുപ്പ്: തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം… 9 സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 20, 2019

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായി. പുതുച്ചേരിയില്‍ ഉള്‍പ്പെടെ 10 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.

ഡിഎംകെ 20 മുതല്‍ 25 വരെ സീറ്റുകളിലും മറ്റു സീറ്റുകളില്‍ ചെറുകക്ഷികളുമായിരിക്കും മല്‍ത്സരിക്കുക. തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ മണ്ഡലങ്ങളും പുതുച്ചേരിയില്‍ ഒരു ലോക്‌സഭാ മണ്ഡലവുമാണ് ഉള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. 39 സീറ്റുകളില്‍ 37 എണ്ണവും ജയലളിതയുടെ നേതൃത്വത്തിലായിരുന്നു അണ്ണാ ഡിഎംകെയാണ് നേടിയത്.

ലോക്‌സഭയില്‍ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായതും അണ്ണാ ഡിഎംകെ തന്നെ. എന്നാല്‍ ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ മാറിയെന്നാണ് കോണ്‍ഗ്രസും ഡിഎംകെയും വിലയിരുത്തുന്നത്. അണ്ണാ ഡിഎംകെയിലെ വിഭാഗീയതയും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഗുണം ചെയ്യുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

×