Advertisment

29 വര്‍ഷംമുമ്പ് കാണാതായ ഛത്തീസ്ഗഢ് സ്വദേശിനിയെ തൃശ്ശൂരില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: മായന്നൂര്‍ തണല്‍ മാതൃസദനം ബുധനാഴ്‌ച വൈകീട്ട് 'അമ്മത്തണല്‍' തേടിവന്ന മക്കളുടെ സന്തോഷത്താല്‍ നിറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശിയായ ഖേജാഭായിയെ 1990-ല്‍ ആണ് സ്വന്തം ഗ്രാമമായ നര്‍ദയില്‍നിന്ന് കാണാതായത്. കര്‍ഷകകുടുംബത്തിലെ അംഗമായിരുന്ന ഖേജാഭായ്, മനസ്സിന്റെ താളംതെറ്റിയ ഒരുദിവസം വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോയതായിരുന്നു.

Advertisment

publive-image

എങ്ങനെയോ തൃശ്ശൂരിലെത്തിയ ഖേജാഭായ് വാടാനപ്പള്ളിയില്‍ ഭിക്ഷയാചിച്ച്‌ നടന്നു. വാടാനപ്പള്ളിക്കാര്‍ ഖേജയെ 'ദീദി' എന്ന് സ്നേഹത്തോടെ വിളിച്ചു.

2016 ഓഗസ്റ്റില്‍ വയ്യാതായി കടത്തിണ്ണയില്‍ കിടന്ന ദീദിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോടതിയില്‍ ഹാജരാക്കിയശേഷം തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ദീദിയുടെ ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയത് ഒരുലക്ഷത്തിലേറെ രൂപയായിരുന്നു. ഭിക്ഷ യാചിച്ച്‌ കിട്ടിയ പണം..! ഇത് കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചു.

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ഡോ. എസ്.വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ 'ദീദി' എന്ന് വിളിച്ചുകൊണ്ടുതന്നെ ഖേജയെ ചികിത്സിച്ചു. കഴിഞ്ഞവര്‍ഷം പഴയ ഓര്‍മകള്‍ ദീദിയുടെ മനസ്സിലേക്കെത്തി.

സ്വന്തം പേരും ഗ്രാമവും തപാല്‍ ഓഫീസിന്റെ പേരുമൊക്കെ പറയാന്‍ തുടങ്ങി. സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ രാജീവ് തങ്കപ്പനും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ടി.ആര്‍. രേഖയും ചേര്‍ന്ന് ദീദിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ നടത്തിയ ശ്രമം കേരള പോലീസിന്റെ സഹായത്തോടെയാണ് വിജയിച്ചത്.

അമ്മ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞ മക്കള്‍ക്കുണ്ടായ സന്തോഷം വലുതായിരുന്നു. കേരളത്തിലാണെന്നറിഞ്ഞ രാജ്‌നന്ദഗാവ് ജില്ലാ കളക്ടര്‍ മലയാളിയായ പോലീസ് ഉദ്യോഗസ്ഥന്‍ പ്രകാശന്‍ നമ്ബ്യാരെ സഹായത്തിന് നിയോഗിച്ചു. അദ്ദേഹമാണ് ദീദിയുടെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയുംകൊണ്ട് ചൊവ്വാഴ്‌ച തൃശ്ശൂരിലെത്തിയത്.

അസുഖമൊക്കെ അത്യാവശ്യം ഭേദമായതിനാല്‍ മായന്നൂര്‍ തണല്‍ മാതൃസദനത്തിലേക്ക് ദീദിയെ മാറ്റിയിരുന്നു. സി.ജെ.എം. കോടതിയില്‍നിന്ന്‌ അമ്മയെ വിട്ടുകിട്ടാനുള്ള കത്തുമായി മക്കള്‍ ബുധനാഴ്‌ച വൈകീട്ട് മായന്നൂരിലെത്തി. ദീദിയുടെ പണം വാടാനപ്പള്ളി കോടതിയിലാണ്. വ്യാഴാഴ്‌ച അത് കൈപ്പറ്റാന്‍ അപേക്ഷ നല്‍കണം.

 

Advertisment