Advertisment

തലക്കേറ്റ മാരകമായ അടിയില്‍ ഷീബയുടെ തലയോട്ടി തകര്‍ന്നു, ശരീരത്തില്‍ പലഭാഗത്തും മുറിവ്; പ്രതിയുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നില്ല; ഷീബയെ അടിച്ചത് വീട്ടിലെ ടീപോയ് എടുത്ത്‌; മാനസിക വൈകല്യമോ ക്രിമിനൽ പശ്ചാത്തലമോ ലഹരിമരുന്ന് ഉപയോഗമോ ഉള്ള ആൾ ആണ് ആക്രമണത്തിനു പിന്നിലെന്ന് സംശയം

New Update

കോട്ടയം : പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ വീട്ടമ്മയുടെ മരണത്തിനിടയാക്കിയത് തലയ്ക്കേറ്റ അടിയാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പാറപ്പാടം ഷീബ മൻസിലിൽ എം. എ. അബ്ദുൽ സാലിയുടെ (65) ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്.

Advertisment

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭർത്താവ് സാലി അപകടനില തരണം ചെയ്തിട്ടില്ല. സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. വ്യക്തിവൈരാഗ്യം, കവർച്ച, പണമിടപാടു തർക്കം തുടങ്ങിയവയാണ് കോട്ടയം നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

publive-image

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്കേറ്റ മാരകമായ അടി മൂലമാണ് ഷീബ മരിച്ചതെന്ന് വ്യക്തമാകുന്നത്. അടിയിൽ ഷീബയുടെ തലയോട്ടി തകരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതായാണ് വിലയിരുത്തൽ. ശരീരത്തിൽ പല ഭാഗത്തും മുറിവുണ്ട്. അതിൽ പലതും സാരമുള്ളതല്ല. മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

പ്രതിയുടെ പക്കൽ ആയുധം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വീട്ടിലെ ടീപോയ് എടുത്ത് ഷീബയെ അടിച്ചെന്നാണു സൂചന. പിന്നാലെ സാലിയും ആക്രമിക്കപ്പെട്ടു. ഇരുവരുടെയും കൈകാലുകൾ കെട്ടിയ ശേഷം വീട്ടിനുള്ളിൽ കയറി പരിശോധന നടത്തിയ പ്രതി തിരിച്ചുവന്നു ഗ്യാസ് സിലിണ്ടർ തുറന്നു വച്ചു. പിന്നിലെ വാതിലിലൂടെ ഇറങ്ങി പോർച്ചിൽ കിടന്ന കാറിൽ കയറി കടന്നു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചതിനാൽ മാനസികവൈകല്യമോ ക്രിമിനൽ പശ്ചാത്തലമോ ലഹരിമരുന്ന് ഉപയോഗമോ ഉള്ള ആൾ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

ഷീബയുടെ കൈകളിൽ വയർ കെട്ടിവച്ചതിന്റെ പാടുകളുണ്ട്. അതേസമയം വൈദ്യുതാഘാതമേറ്റതിന്റെ ലക്ഷണങ്ങളില്ല. കൂടുതൽ പരിശോധനയ്ക്ക് കൈകളിലെ തൊലി ശേഖരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി കൂടിയായ പൊലീസ് സർജൻ ഡോ. രഞ്ജു രവീന്ദ്രനാണ് പോസ്റ്റുമോർട്ടം നടത്തിയത്.

സാലിയുടെയും ഷീബയുടെയും ശരീരത്തിൽ വൈദ്യുതി ബന്ധമുള്ള വയർ കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയത്. ഷീബയുടെ മരണകാരണം വൈദ്യുതാഘാതമേറ്റാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. എങ്കിലും ശരീര ഭാഗങ്ങൾ കൂടുതൽ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. വയറുകൾ വൈദ്യുതിയുമായി കണക്ട് ചെയ്തിരുന്നതിനാലാണ് വൈദ്യുതാഘാതത്തിന്റെ സാധ്യത കൂടി അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഗ്യാസ് സിലിണ്ടർ തുറന്നുവച്ചത് വീടിനു തീയിട്ട് തെളിവു നശിപ്പിക്കാനാണോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.

ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ 13 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവും അന്വേഷണപുരോഗതി വിലയിരുത്തി. ഷീബ അണിഞ്ഞ സ്വർണ വളകൾ, മോതിരം, മാല, കമ്മൽ എന്നിവയും അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെന്ന കാര്യം പൊലീസും സ്ഥിരീകരിച്ചു.

അതിനിടെ, സംഭവശേഷം സ്ഥലത്ത് നിന്ന് പ്രതിയെന്നു സംശയിക്കുന്നയാൾ കാറിൽ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കൊലപാതകം നടന്ന വീട്ടിൽ നിന്നു രക്തം പുരണ്ട കയ്യുറകളും കണ്ടെത്തി. കുമരകം, വെച്ചൂർ വഴി കാർ കടന്നുപോയ ദൃശ്യങ്ങൾ പലയിടത്തു നിന്നായി ലഭിച്ചെങ്കിലും കാർ കണ്ടെത്താനായിട്ടില്ല.

കവർച്ച, പണമിടപാടു സംബന്ധിച്ച തർക്കം, വ്യക്തിവൈരാഗ്യം എന്നിവയാണ് കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്. ഷീബയുടെ ആഭരണങ്ങളും കാറും നഷ്ടപ്പെട്ടതു കവർച്ചയ്ക്ക് സാധ്യത കൂട്ടുന്നു. സാലിയുടെ പണമിടപാടുകൾ സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ക്രൂരമായ കൊലപാതക രീതിയാണ് വ്യക്തിവൈരാഗ്യം സംശയിക്കാൻ കാരണം. സാലിയുടെ വീടുമായി അടുത്ത് ഇടപഴകുന്ന ഏതാനും പേരുടെ മൊഴി ചൊവ്വാഴ്ച പൊലീസ് ശേഖരിച്ചു.

ഒരാൾക്കു തനിയെ വീട്ടിൽ കയറി രണ്ടുപേരെ ആക്രമിക്കാനും കൈകൾ പിന്നിലേക്കു കെട്ടിവയ്ക്കാനും സാധിക്കുമോയെന്നു പൊലീസ് സംശയിക്കുന്നു. കയ്യുറ മണത്ത പൊലീസ് നായ ഒരു കിലോമീറ്റർ അകലെ കോട്ടയം റോഡിൽ അറുപുഴ പാലത്തിനു സമീപത്തെ കടവിനു സമീപം ഓടി നിൽക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 4.30നു കോട്ടയം താജ് ജുമാ മസ്ജിദിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഷീബയുടെ കബറടക്കം നടത്തി. മസ്കത്തിലുള്ള മകൾ ഷാനിയും ഭർത്താവ് സുധീറും ബന്ധുക്കളുടെ വിഡിയോ കോളിലാണ് കബറടക്കച്ചടങ്ങുകൾ കണ്ടത്.

crime sheeba murder
Advertisment