ഉംറ തീർഥാടകർക്ക് മികച്ച സേവനം ജോയന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുന്നതിന് നീക്കം തുടങ്ങി.

Wednesday, May 15, 2019

മക്ക – ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ജോയന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുന്നതിന് നീക്കമുള്ളതായി ദേശീയ ഹജ്, ഉംറ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ബാദി വെളിപ്പെടുത്തി. ഉയർന്ന പരിശീലനം നൽകി സൗദി യുവാക്കൾക്ക് കമ്പനിയിൽ ജോലി നൽകും. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി, ഉംറ വ്യവസായ മേഖലയിലെ അതിവേഗ പുരോഗതിയുമായി ഒത്തുപോകുന്ന നിലക്ക് ഏറ്റവും മികച്ച സേവനങ്ങൾ തീർഥാടകർക്ക് നൽകാനാണ് പുതിയ കമ്പനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഇതേക്കുറിച്ച സമഗ്ര പഠനം പൂർത്തിയായിട്ടുണ്ട്. കൺസൾട്ടൻസി കമ്പനിയാണ് പഠനം നടത്തിയത്. ദേശീയ ഹജ്, ഉംറ കമ്മിറ്റി വിപുലമായ യോഗങ്ങൾ ചേർന്ന് കമ്പനി സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് കമ്പനിക്ക് ലൈസൻസുകൾ നേടിയെടുക്കുന്നതിന്   ശ്രമിച്ചുവരികയാണ്. ലൈസൻസുകൾ ലഭിച്ച ശേഷം എയർപോർട്ടുകളിലും തുറമുഖങ്ങളിലും കരാതിർത്തി പോസ്റ്റുകളിലും എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിലും യാത്രയാക്കുന്നതിലും ഏറ്റവും മുന്തിയ സേവനങ്ങൾ കമ്പനി നൽകും.

തീർഥാടകർക്ക് അനുയോജ്യമായ സ്വീകരണവും സമ്പന്നമായ തീർഥാടന യാത്രാനുഭവവും സമ്മാനിക്കുന്ന നിലയിലാണ് പുതിയ കമ്പനി സേവനങ്ങൾ നൽകുക. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും കമ്പനി നൽകും. തീർഥാടകർക്ക് ആവശ്യമായ മറ്റു സേവനങ്ങൾ നൽകുന്നതിന് പ്രത്യേക കർമ സമിതികൾ പ്രവർത്തിക്കുമെന്നും മുഹമ്മദ് ബിൻ ബാദി പറഞ്ഞു.

×