Advertisment

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനുള്ള പിജെ ജോസഫിന്‍റെ നീക്കം വീണ്ടും പരാജയം. ഫ്രാന്‍സിസ് ജോര്‍ജും ജോണി നെല്ലൂരും അടക്കമുള്ള നേതാക്കള്‍ ഇന്ന് നടന്ന പാര്‍ട്ടി ഓഫീസ് ഉത്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. പങ്കെടുത്തത് അനുഭാവികള്‍ മാത്രം. ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി രൂക്ഷം !

New Update

publive-image

Advertisment

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ അവസാന ഘട്ട പരിശ്രമവും പരാജയപ്പെടുത്തി കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടന ചടങ്ങ് വിമത വിഭാഗം ബഹിഷ്കരിച്ചു.

സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ഉത്ഘാടനവും സംസ്ഥാന കോര്‍ കമ്മിറ്റിയുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗവും നടക്കുന്ന സുപ്രധാന ദിവസം പരിപാടികളില്‍ പങ്കെടുക്കണമെന്ന് പിജെ ജോസഫ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും 4 മുതിര്‍ന്ന നേതാക്കള്‍ പരിപാടി ബഹിഷ്കരിച്ചു.

നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് 12 വര്‍ഷത്തിനു ശേഷം തുറക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ഉത്ഘാടനം ഉള്‍പ്പെടെയുള്ള പടങ്ങുകളില്‍ നിന്നും വിട്ടുനിന്നത്.

കഴിഞ്ഞ ദിവസം പുറപ്പുഴയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്ക് വരെ ചെന്നിരുന്നു. ആ യോഗത്തിന്‍റെ അവസാനത്തിലും പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്നും 15 നു നടക്കുന്ന പാര്‍ട്ടി ഓഫീസ് ഉത്ഘാടനം മാധ്യമ ശ്രദ്ധ നേടുമെന്നതിനാല്‍ വിമത വിഭാഗം പങ്കെടുക്കണമെന്നും ജോസഫ് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വിമതര്‍ അതീവ ഗൗരവതരമായി ഉന്നയിച്ച പ്രശ്നങ്ങളില്‍ പോലും ചയര്‍മാന്‍ നിലപാട് വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് ഉന്നത നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചത്. അതേ സമയം ഇവരെ പിന്തുണയ്ക്കുന്ന ജില്ലാ പ്രസിഡന്‍റുമാരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

പാര്‍ട്ടിയിലെ ചേരിതിരിവ് കൂടുതല്‍ പ്രകടമാക്കേണ്ടതില്ലെന്നും തങ്ങളെ പിന്തുണയ്ക്കുന്നവര്‍ ആരോക്കെയെന്ന് വ്യക്തമാക്കേണ്ടതില്ലെന്നും നേതാക്കള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഇവര്‍ക്കൊപ്പമുള്ള നേതാക്കള്‍ പരിപാടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.

പിസി തോമസിന്‍റെ രജിസ്ട്രേഡ് പാര്‍ട്ടിയായിരുന്ന ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസുമായുള്ള ലയനത്തിന് മോന്‍സ് ജോസഫിനും ടിയു കുരുവിളയ്ക്കും ഒരുപാട് 'വില' കൊടുക്കേണ്ടതായി വന്നെന്നും അതിനാല്‍ ഇവരെ കൈയ്യൊഴിയാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ലെന്നുമാണ് ജോസഫിന്‍റെ നിലപാട്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാന്‍ ചിഹ്നവും പാര്‍ട്ടി പേരും ഇല്ലാത്ത സാഹചര്യം വന്നപ്പോഴാണ് ജോസഫ് വിഭാഗം പിസി തോമസിന്‍റെ പാര്‍ട്ടി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എല്ലാ അര്‍ഥത്തിലും ഇതിന് കനത്ത വില നല്‍കേണ്ടിവന്നു. ആ പ്രതിസന്ധി പരിഹരിച്ചത് പാര്‍ട്ടിയിലെ സാമ്പത്തിക ശക്തികളായ ടിയു കുരുവിളയും മോന്‍സ് ജോസഫും ചേര്‍ന്നായിരുന്നു.

സ്ഥാനാര്‍ഥികളായിരുന്നിട്ടും പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ പ്രശ്നം പരിഹരിക്കാന്‍ വിമത നേതാക്കളിലാരുടെയും സഹകരണം ഉണ്ടായില്ലെന്നാണ് മോന്‍സ് പക്ഷത്തിന്‍റെ നിലപാട്. അതിനാല്‍ തന്നെ വിമത നീക്കങ്ങളില്‍ പിജെ ജോസഫിന്‍റെ നിലപാട് മോന്‍സ് പക്ഷത്തോടൊപ്പമായിരിക്കും. അതേസമയം മകന്‍ അപു ജോസഫിനെ മോന്‍സ് വിഭാഗം ശക്തമായി എതിര്‍ക്കുന്നതും ജോസഫിനു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

pj joseph
Advertisment