Advertisment

അസ്ഹർ പുള്ളിയിൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു.

author-image
admin
New Update

റിയാദ്‌: മാധ്യമ പ്രവർത്തകനും തനിമ സെൻട്രൽ പ്രോവിൻസ് പ്രസിഡന്റുമായ അഹ്‌മദ്‌ അസ്ഹർ പുള്ളിയിൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. 1985-ൽ കിംഗ്‌ സഊദ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായി തുടങ്ങിയ പ്രവാസജീവിതം ഏഴ് വർഷം നീണ്ട പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അറബിക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഭാഷാ പഠന കോഴ്‌സും കോളെജ് ഓഫ് എജുക്കേഷനിൽ നിന്ന് ഇസ്‌ലാമിക വിഷയങ്ങളിൽ ബി.എഡും കരസ്ഥമാക്കി. പിന്നീട് ഏതാനും മാസക്കാലം നാട്ടിൽ ഭാഷാ അധ്യാപകനായി ജോലി നിർവ്വഹിച്ചു. മലപ്പുറം ഫലാഇയ്യ കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം കിംഗ്‌ സൗദിയിലെത്തിയത്.

Advertisment

publive-image

തനിമാ സാംസ്കാരിക വേദിയിലൂടെയായിരുന്നു റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിലേക്കുള്ള രംഗപ്രവേശം. ഖുർആൻ വൈജ്ഞാനിക ക്ലാസ്സുകൾ, അറബിക് ഭാഷാ പഠന പരിപാടികൾ, മദ്‌റസാ പ്രസ്ഥാനം, ജനക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സാമൂഹിക സേവന രംഗങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു. അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് പ്രവാസി സമൂഹത്തിൽ വലിയൊരു ഇടപെടൽ തന്നെ നടത്താൻ കഴിഞ്ഞിട്ടുണ്ട്. നിരവധി വേദികളിലൂടെ നൂറുകണക്കിന് പഠിതാക്കളാണ് അറിവിന്റെ മാധുര്യം നുകർന്നിട്ടുള്ളത്. പാണ്ഡിത്യവും ആഴത്തിലുള്ള വിശകല ശേഷിയും ക്ലാസുകളിലേക്ക് ധാരാളമായി ആളുകളെ ആകർഷിച്ചിരുന്നു.

തനിമാ കേന്ദ്ര ജനറൽ സെക്രട്ടറി, കേന്ദ്ര കൂടിയാലോചനാ സമിതിയംഗം എന്നീ ഉത്തര വാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടന ശേഷിയും നേതൃപാടവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. നിതാഖാത്ത് കാലത്ത് പ്രവാസികൾക്ക് വേണ്ടി നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യാത്രാ സഹായത്തിലും അദ്ദേഹം തനിമയുടെ പങ്ക് അടയാളപ്പെടുത്തി. കോവിഡ്‌ മഹാമാരിയുടെ തുടക്കത്തിൽ തന്നെ സുരക്ഷാ ബോധവൽക്കരണം നടത്തുവാനും ഭക്ഷ്യ വിഭവങ്ങൾ,അവശ്യ മരുന്നുകൾ എന്നിവയുടെ ശേഖരണത്തിനും വിതരണത്തിലും ശക്തമായ നേതൃത്വമാണ് നൽകിയത്.

തനിമാ കേന്ദ്ര കമ്മറ്റിയുടെ മേൽനോട്ടത്തിൽ നടന്ന വിശ്വോത്തര ഖുർആൻ പരിഭാഷയായ 'തഫ്ഹീമുൽ ഖുർആന്റെ' മലയാളം ഡിജിറ്റലൈസേഷൻ, ഇസ്‌ലാമിക അനുകാലികമായ 'പ്രബോധനം' വാരികയുടെ ദേശാന്തര പതിപ്പ്, റിയാദിൽ നടന്ന ഇന്റർനാഷണൽ ബുക്ക് ഫെയറിൽ കേരളത്തിൽ നിന്നുള്ള ഐ.പി.എച്ചിന്റെ സാന്നിധ്യം തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്.

പത്രപ്രവർത്തന രംഗത്തും നിറസാന്നിധ്യമായിരുന്നു അസ്ഹർ പുള്ളിയിൽ. അറബ് ലോകത്തെ വിശേഷങ്ങൾ ജനങ്ങളെ അറിയിക്കുവാനും പ്രവാസി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ പൊതു സമൂഹത്തിലെത്തിക്കുവാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇറാഖ്-കുവൈത്ത് അധിനിവേശം,രണ്ടാം ഗൾഫ് യുദ്ധം,യമൻ-സഖ്യ കക്ഷി സംഘർഷം, നിതാഖാത്ത്,അറബ് ഉച്ചകോടികൾ,ഇന്ത്യൻ ഭരണാധികാരികളുടെ സൗദി സന്ദർശനം, ഹജ്ജ് വിശേഷങ്ങൾ, അറബ് വസന്തം തുടങ്ങി ദേശീയ അന്തർദേശീയ പ്രധാനമായ നിരവധി റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്. അറബ് ജീവിതം, കലാ സാഹിത്യ സാംസ്കാരിക ഇടങ്ങൾ, മരുഭൂമിയിലെ യാത്രകൾ എന്നിവയെ കുറിച്ചെല്ലാം ധാരാളം ഫീച്ചറുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ മീഡിയാ വണ്ണിന്റെ സൗദി അഡ്മിനിസ്‌ട്രേഷൻ മനേജറും ഗൾഫ് മാധ്യമം-മീഡിയാ വൺ നിർവ്വാഹക സമിതിയംഗവുമാണ്.

അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ എക്സോൺ(exxon) മോബിൽ കോർപ്പറേഷനിൽ പ്ലാനിംഗ് ആന്റ് ഓപറേഷൻ അഡ്വൈസറായിരിക്കെയാണ് വിരമിക്കുന്നത്. മലപ്പുറം മേൽമുറി സ്വദേശിയായ പുള്ളിയിൽ അബ്ദുറഹ്മാൻ(കുഞ്ഞുട്ടി),റുഖിയ കൊന്നോല ദമ്പതികളുടെ മകനാണ് അസ്ഹർ പുള്ളിയിൽ.ഭാര്യ സാബിറ കുരുണിയൻ. മക്കൾ സാദിയ ഭർത്താവ് ഇ.വി അനീസിനോടൊപ്പം ജിദ്ദയിലും ശമീമ ഭർത്താവ് അസ്ഹറുദ്ദീനോടൊപ്പം റിയാദിലും താമസിക്കുന്നു.

യു.എ.ഇ, ജോർദ്ദാൻ, ഈജിപ്ത്, ഫലസ്ഥീൻ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, മലേഷ്യ, സീഷെൽസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നല്ലൊരു സഞ്ചാരപ്രിയനും വായനാ കുതുകിയുമാണ്. നവംബർ ആദ്യ പാദത്തിൽ അസ്ഹർ പുള്ളിയിൽ നാട്ടിലേക്ക് മടങ്ങും.

Advertisment