Advertisment

ജോസ് കെ മാണിയെ പുറത്താക്കിയാല്‍ കോട്ടയത്തെ കാര്യം കോണ്‍ഗ്രസിന്‍റെ കൈവെള്ളയിലാണെന്ന് പറഞ്ഞ നേതാക്കള്‍ ഫലം വന്നപ്പോള്‍ കൈ മലര്‍ത്തുന്നു ! രാജി ഒഴിവാക്കാന്‍ ജോഷി ഫിലിപ്പിന്‍റെ നെട്ടോട്ടം ? പുറത്താക്കലിനു ചരടു വലിച്ച വാഴയ്ക്കന്‍ എന്തോ നിയോഗം പോലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടുതന്നെ ചരിത്ര ഭൂരിപക്ഷത്തില്‍ തോറ്റ് കണ്ടം വഴി ഓടി ! ജോസഫിനെ സഹായിക്കാന്‍ കൂട്ടുനിന്നിട്ട് ഒടുവില്‍ ജോസഫ് പാലം വലിച്ചതോടെ കെസിയും വെട്ടിലായി ! കോണ്‍ഗ്രസിലെ കോട്ടയം ലോബിയുടെ വീരവാദങ്ങള്‍ പൊളിഞ്ഞു വീണതിങ്ങനെ...

New Update

publive-image

Advertisment

കോട്ടയം: കേരള കോണ്‍ഗ്രസ് - എമ്മിനെ യുഡിഎഫില്‍ നിന്നും പുറത്താക്കിയാല്‍ കോട്ടയം തൂത്തുവാരുന്ന കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ കോണ്‍ഗ്രസിന്‍റെ കോട്ടയം നേതാക്കളുടെ പൊടിപോലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കാണാനില്ലെന്ന് ആക്ഷേപം.

കെപിസിസി വൈസ് പ്രസി‍ഡന്‍റ് ജോസഫ് വാഴയ്ക്കനും കെസി ജോസഫും ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പുമായിരുന്നു ജോസ് കെ മാണി പക്ഷത്തെ പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ചത്.

മാണി ഗ്രൂപ്പ് ഉണ്ടായിരുന്നതിനാലാണ് കോട്ടയത്ത് കോണ്‍ഗ്രസ് വളരാത്തതെന്നും അവരെ പടിക്ക് പുറത്താക്കിയാല്‍ കോട്ടയം ജില്ല കോണ്‍ഗ്രസിന്‍റെ കൈവെള്ളയിലാണെന്നുമായിരുന്നു വാഴയ്ക്കനും കെസിയും വാദിച്ചത്. അത് ഉറപ്പാണെന്ന പിന്തുണയുമായി ജോഷി ഫിലിപ്പും കൂടെ നിന്നു. അന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ടോമി കല്ലാനിയും ആ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തിയവരാണ്.

എന്തായാലും ഐ ഗ്രൂപ്പിലെ വാഴയ്ക്കന്‍റെ അപ്രമാദിത്യം യുഡിഎഫ് ചെയര്‍മാനായ രമേശ് ചെന്നിത്തലയെക്കൊണ്ട് ചരിത്രപരമായ വിഢിത്തമായ ആ തീരുമാനം എടുപ്പിക്കുന്നതിന് നിര്‍ണായകമായി (അതിനു പിന്നില്‍ പിജെ ജോസഫ് വിഭാഗവുമായി ബന്ധപ്പെട്ട് നടന്ന വേറെ ഡീലുകളുമൊക്കെയുണ്ട്. അത് പിന്നീട് പുറത്തുവരും).

എന്നാല്‍ പുറത്താക്കലൊക്കെ കഴിഞ്ഞപ്പോള്‍ പാലാ സീറ്റ് കോണ്‍ഗ്രസിലാര്‍ക്കും വേണ്ട. വാഴയ്ക്കന്‍ പറയുന്നത് പാലായേക്കാള്‍ തനിക്ക് സുരക്ഷിതം മൂവാറ്റുപുഴയാണ്, അത് കിട്ടിയേ തീരൂ എന്നായിരുന്നു. മൂവാറ്റുപുഴയില്‍ വാഴയ്ക്കനെ സാഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചപ്പോള്‍ നാട്ടുകാര്‍ പാര്‍ട്ടിയോട് പറഞ്ഞു - 'അത് ഇങ്ങോട്ടു വേണ്ട...അങ്ങോട്ട് എടുത്തോളാന്‍...'

അതോടെ ഗത്യന്തരമില്ലാതെ ജോസഫ് വാഴയ്ക്കന് ഒരു നിയോഗം പോലെ കേരളാ കോണ്‍ഗ്രസിന്‍റെ പ്രബല നേതാവ് ഡോ. എന്‍ ജയരാജ് മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയിലേയ്ക്ക് വരേണ്ടിവന്നു.

അപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ജയരാജിന്‍റെ നില അല്‍പം പരുങ്ങലിലാണ് എന്ന വ്യാപക പ്രചരണം ഉണ്ടായിരുന്ന സമയമാണ്. ബൈപ്പാസ് വിഷയത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ജയരാജിന് കടുത്ത എതിര്‍പ്പും നിലനിന്നിരുന്നു.

പക്ഷേ വാഴയ്ക്കന്‍ സ്ഥാനാര്‍ഥി ആയതോടെ ജയരാജിന്‍റെ സമയം തെളിഞ്ഞു. ഫലം വന്നപ്പോള്‍ കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മുന്നണി സ്ഥാനാര്‍ഥിക്കും ലഭിക്കാത്ത ഭൂരിപക്ഷമായിരുന്നു ജയരാജിന് ലഭിച്ചത് - 13800. പുറകില്‍ പോകുമെന്ന് ജയരാജ് പോലും കരുതിയ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും അദ്ദേഹത്തിന് 1182 വോട്ടിന്‍റെ ലീഡ് ലഭിച്ചു.

അങ്ങനെ ജോസ് കെ മാണിയെ കെട്ടുകെട്ടിച്ചപ്പോള്‍ എല്ലാം കൈവെള്ളയിലാക്കുമെന്ന് പറഞ്ഞ നേതാവ് അതേ പാര്‍ട്ടിയുടെ നേതാവിനോട് മത്സരിച്ചു തോറ്റ് ഒടുവില്‍ കണ്ടം വഴി ഓടിയാണ് രക്ഷപെട്ടത്.

ജോസിനെ പുറത്താക്കിയാല്‍ ചങ്ങനാശേരിയിലോ ഏറ്റുമാനൂരിലോ മത്സരിക്കാം എന്ന ഉറപ്പിലായിരുന്നു കെസി ജോസഫ് കാത്തിരുന്നത്. അത് ജോസഫും സമ്മതിച്ചിരുന്നു. പക്ഷേ അതുവരെ ഒപ്പം നിന്ന കെസിയെ ചവിട്ടി പിജെ ജോസഫ് ആ സീറ്റും പിടിച്ചെടുത്തു.

അതോടെ കെസി ഓള്‍ ഔട്ട്. ജോസ് പോയപ്പോള്‍ മിച്ചം വരുന്നതിലൊന്നില്‍ മത്സരിക്കാനായിരുന്നു ജോഷി ഫിലിപ്പിന്‍റെ ലക്ഷ്യം. അദ്ദേഹത്തിന്‍റെ ജനപിന്തുണ നന്നായി മനസിലാക്കിയതിനാല്‍ പാര്‍ട്ടി സീറ്റ് കൊടുത്തില്ല.

ടോമി കല്ലാനി പൂഞ്ഞാറില്‍ പുറകില്‍ പോയെങ്കിലും അതാരും കുറ്റമായി കാണാത്തത് അവിടെ സംഘടനാ സംവിധാനം അത്രയും ദുര്‍ബലമായിരുന്നതിനാലാണ്. 50 വര്‍ഷത്തിനിടെ ആദ്യമാണ് ഒരു കോണ്‍ഗ്രസുകാരന്‍ പൂഞ്ഞാറില്‍ മത്സരിക്കുന്നത്.

പതിനഞ്ചു ദിവസം മുമ്പെങ്കിലും സീറ്റ് ഉറപ്പാക്കി കല്ലാനിയെ പൂഞ്ഞാറില്‍ ഇറക്കിയിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരില്‍ പതിനയ്യായിരത്തോളം വരുന്ന ആളുകള്‍ അവസാന ഘട്ടം വരെ കാത്തിരുന്നത് ഇടതാണോ വലതാണോ ഇവിടെ മുന്‍പന്തിയിലെന്നറിയാനായിരുന്നു.

സംഘടനാ സംവിധാനം ഇടതിനായിരുന്നതിനാല്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്നിലാണെന്ന പ്രതീതി ഉണ്ടാകുകയും  മുസ്ലിം വോട്ടര്‍മാര്‍ കൂട്ടത്തോടെ സെബാസ്റ്റ്യനെ പിന്തുണക്കുകയും ചെയ്തു. അവര്‍ക്കാവശ്യം പിസി ജോര്‍ജിനെ തോല്‍പ്പിക്കുക മാത്രമായിരുന്നു.

എന്തായാലും പാലായില്‍ മാണി സി കാപ്പന്‍റെ വിജയം ഉണ്ടായതിനാല്‍ ജില്ലയില്‍ 4 സീറ്റ് ലഭിച്ചെന്ന് ആശ്വസിക്കാം. 44000 ഭൂരിപക്ഷമുണ്ടായിരുന്ന കടുത്തുരുത്തിയില്‍ അത് 4000 ത്തിലേയ്ക്കും, കോട്ടയത്തെ ഭൂരിപക്ഷം നേര്‍ പകുതിയിലേയ്ക്കും പുതുപ്പള്ളിയില്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം നാലിലൊന്നിലേയ്ക്കും കുറഞ്ഞു.

എന്നാലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇപ്പോള്‍ ആരുമില്ല. ഡിസിസി പ്രസിഡന്‍റിന്‍റെ രാജി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അത് കേട്ട മട്ടില്ല.

jose k mani kottayam news
Advertisment